അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൂന്നാറിലെ തോട്ടം മേഖലകളിലെ സ്കൂളുകൾ; നന്നാകും, മനസ്സു വച്ചാൽ...

Mail This Article
അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണു മൂന്നാറിലെ തോട്ടം മേഖലകളിലും വട്ടവട, ഇടമലക്കുടി എന്നീ പിന്നാക്ക പഞ്ചായത്തുകളിലും സ്കൂളുകൾ പ്രവർത്തിക്കുന്നത്. മൂന്നാറിലെ കണ്ണൻദേവൻ കമ്പനി വിട്ടുനൽകിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മിക്ക സ്കൂളുകളിലെയും പ്രധാന പ്രശ്നം കുട്ടികളുടെ യാത്രയാണ്. സ്കൂൾ ബസ് സൗകര്യം തോട്ടം മേഖലയിലെ ഒരു സ്കൂളിലുമില്ല. കാൽനടയായും ട്രിപ്പ് ഓട്ടോകളിലുമാണു കുട്ടികൾ എത്തുന്നത്. കാട്ടുപോത്ത്, കടുവ, പുലി, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ വിഹരിക്കുന്ന വനമേഖല വഴിയാണു മിക്ക കുട്ടികളുടെയും സഞ്ചാരം.
പതിറ്റാണ്ടുകൾ പഴക്കമുള്ള മിക്ക സ്കൂളുകളിലും ആവശ്യത്തിനു പഠനമുറികൾ, ലൈബ്രറി, ലാബ്, ഓഫിസ് കെട്ടിടങ്ങൾ എന്നിവ ഇപ്പോഴുമില്ല. ദൂരസ്ഥലങ്ങളിൽ നിന്നു ജോലിക്കായി എത്തുന്ന അധ്യാപകർക്കു താമസിക്കുന്നതിനുള്ള സൗകര്യം മിക്ക സ്കൂളുകളിലുമില്ല. വനമേഖലകളോടു ചേർന്നു പ്രവർത്തിക്കുന്ന മിക്ക സ്കൂളുകൾക്കും സംരക്ഷണഭിത്തികളില്ലാത്തതു കുട്ടികളുടെ സുരക്ഷയെ സാരമായി ബാധിക്കുന്നുണ്ട്. ചില സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറി സൗകര്യങ്ങളുമില്ലെന്ന പരാതിയുമുണ്ട്.
പ്രഥമപരിഗണന ഇവർക്ക്
∙ സംസ്ഥാനത്തു തന്നെ കൂടുതൽ ശ്രദ്ധ വേണ്ട 2 സ്ഥാപനങ്ങളുണ്ട് ഇടുക്കി ജില്ലയിൽ– കുറത്തിക്കുടി ഏകാധ്യാപക വിദ്യാലയവും ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളും. അസൗകര്യങ്ങളുടെ നടുവിലാണ് 2 സ്ഥാപനങ്ങളും. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ട്രൈബൽ എൽപി സ്കൂളിൽ കഴിഞ്ഞ അധ്യയന വർഷം 116 കുട്ടികൾ വരെയുണ്ടായിരുന്ന സ്ഥാനത്തു നിലവിൽ 65ൽ താഴെ കുട്ടികൾ മാത്രമാണുള്ളത്.

വിദൂര സെറ്റിൽമെന്റുകളിൽ നിന്നുള്ള കുട്ടികൾക്കു സൊസൈറ്റിക്കുടിയിലെ സ്കൂളിലെത്തുന്നതിനുള്ള യാത്രാദുരിതമാണു കുട്ടികൾ കുറയാനുളള പ്രധാന കാരണം. സ്കൂളിനോടു ചേർന്ന് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റലുകൾ ഉണ്ടെങ്കിലും മുപ്പതിൽ താഴെ കുട്ടികൾക്കു താമസിക്കുന്നതിനുള്ള സൗകര്യം മാത്രമാണുള്ളത്. അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ കിടന്നുറങ്ങുന്നതു ക്ലാസ് മുറികളിലാണ്.
സംസ്ഥാനത്തെ ഏകാധ്യാപക സ്കൂളുകൾ നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചപ്പോഴും കുറത്തിക്കുടി സ്കൂളിനെ നിലനിർത്തി. അടിമാലി പഞ്ചായത്തിന്റെ ഭാഗമാണെങ്കിലും ദുർഘടപാത താണ്ടി 40 കിലോമീറ്റർ ദൂരം പോകണം കുറത്തിക്കുടിയിലേക്ക്. വികസനം എത്താത്ത ഇവിടെ നിന്നു കുട്ടികൾക്കു പുറത്തു പോയി പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിനുള്ള സൗകര്യമില്ല. 23 ആൺകുട്ടികളും 15 പെൺകുട്ടികളുമാണ് ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്നത്.
പി.കെ.മുരളീധരനാണ് ഇവരുടെ അധ്യാപകൻ. കുറത്തിക്കുടിയിലെ വിവിധ കുടികളിൽ നിന്നു തൊട്ടടുത്തുള്ള സർക്കാർ സ്കൂൾ 15 കിലോമീറ്റർ അപ്പുറത്തുള്ള ചിക്കണാംകുടി എൽപി സ്കൂളാണ്. കുറത്തിക്കുടിയിലെ വിദ്യാലയം യുപി സ്കൂളായി മാറ്റണമെന്നാണു പ്രധാന ആവശ്യം.

കൈത്താങ്ങ് വേണ്ട വിദ്യാലയങ്ങൾ
∙ ജില്ലയിൽ കഴിഞ്ഞ വർഷം 20 കുട്ടികളിൽ താഴെ പരീക്ഷയെഴുതിയ സർക്കാർ സ്കൂളുകളിൽ സർക്കാർ പരിഗണന അത്യാവശ്യമാണ്. ഇതിൽ കട്ടപ്പനയിലെ വാഴവര ഗവ. ഹൈസ്കൂൾ, മുട്ടം ഗവ. ഹൈസ്കൂൾ, പൂച്ചപ്ര ഗവ. ഹൈസ്കൂൾ, ചക്കുപ്പള്ളം ഗവ. ട്രൈബൽ സ്കൂൾ എന്നിവയ്ക്ക് അടിയന്തര പ്രാധാന്യം ആവശ്യമാണ്. കട്ടപ്പന വാഴവര ഗവ. ഹൈസ്കൂളിൽ ആവശ്യത്തിനു ബെഞ്ചും ഡെസ്ക്കുമില്ല. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 105 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണു മുട്ടം ഗവ. ഹൈസ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 140 വിദ്യാർഥികളാണു പഠിക്കുന്നത്. അധ്യാപകരും നാട്ടുകാരും ഒത്തുചേർന്നാൽ മുട്ടം സ്കൂളിനെ മെച്ചപ്പെടുത്താനാകും. ഗുരുതിക്കുളം ഗ്രാമീണമേഖലയിലുള്ള സ്‌കൂളാണു പൂച്ചപ്ര ഗവ. ഹൈസ്കൂൾ. ഗതാഗതസൗകര്യം കുറവായതിനാൽ ഇവിടെ പ്രധാനാധ്യാപകരടക്കം എത്തിയാലും സ്ഥലംമാറി പോകുകയാണ്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
കൂടാതെ രക്ഷിതാക്കൾ കുട്ടികളെ ഇംഗ്ലിഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതിനാണു താൽപര്യപ്പെടുന്നത്. ഇതിനു സംവിധാനം ഇല്ലാത്തതു വെല്ലുവിളിയായിട്ടുണ്ട്. ചക്കുപള്ളം ട്രൈബൽ ഹൈസ്കൂളിൽ കഴിഞ്ഞ തവണ 11 പേരാണു പത്താംക്ലാസിൽ പരീക്ഷ എഴുതിയത്. 1996-97 കാലഘട്ടത്തിൽ 900 വിദ്യാർഥികൾ ഉണ്ടായിരുന്ന സ്കൂളിൽ ഇപ്പോഴുള്ളത് ഇരുനൂറിൽ താഴെ മാത്രം. മറ്റു ജില്ലകളിൽ നിന്നുള്ള അധ്യാപകരാണു മുൻപ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാ ആഴ്ചകളിലും വീടുകളിലേക്കുള്ള ഇവരുടെ യാത്ര കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
∙ നമ്മുടെ ജില്ലയിലെ സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാൻ കൈകോർക്കേണ്ടതു നമ്മൾ തന്നെയാണ്. അധികൃതരും ജനപ്രതിനിധികളും പ്രത്യേക താൽപര്യം എടുക്കണം. ഇവരുടെ പ്ര തികരണങ്ങൾ അറിയാം, നാളെ.
എല്ലാവർക്കും പരീക്ഷിക്കാം വെങ്ങല്ലൂർ മോഡൽ
2015 ൽ 28 കുട്ടികളായി ചുരുങ്ങി അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് 2023ൽ 383 കുട്ടികളുമായി കുതിപ്പിലാണു വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്കൂൾ. സ്കൂളിൽ ചെയ്ത പ്രവർത്തനങ്ങൾ സാമൂഹിക സാഹചര്യങ്ങളനുസരിച്ച് എല്ലായിടത്തും പ്രാവർത്തികമാക്കാവുന്നതാണ്.
∙ രക്ഷിതാക്കളുടെ വിശ്വാസം ആർജിക്കാനുള്ള പ്രവർത്തനം നടത്തി.
∙ കുട്ടികൾക്കു പഠിക്കാനായി നിലവിലുള്ള സാഹചര്യത്തിൽ തന്നെ വൃത്തിയുള്ള അന്തരീക്ഷം ഒരുക്കി.
∙ പൊതുസമൂഹത്തിന്റെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ പ്രവർത്തിച്ചു.
∙ കുട്ടികൾക്ക് അക്കാദമിക കാര്യങ്ങളിൽ നഷ്ടബോധമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തി.
∙ സ്കൂളിൽ ഇംഗ്ലിഷ് മീഡിയം വിഭാഗവും പ്രീ പ്രൈമറി വിഭാഗവും ആരംഭിച്ചു.
∙ മികച്ച പ്രവർത്തനമാണെന്നു രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അവരിലൂടെ മറ്റു കുട്ടികളെ ആകർഷിക്കാനുള്ള പ്രവർത്തനവും നടത്തി.