മാലിന്യവാഹിനിയായി തൊടുപുഴയാർ, ചവറ്റുകൂനയായി തീരവും

Mail This Article
തൊടുപുഴ∙ മാലിന്യവാഹിനിയായി തൊടുപുഴയാർ, ചവറ്റുകൂനയായി തീരവും. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കിയ മാലിന്യക്കെട്ടുകളും പ്ലാസ്റ്റിക് കുപ്പികളും വെള്ളത്തിലൂടെ ഒഴുകിവരുന്നത് പതിവു കാഴ്ചയാണ്. ഇതു പുഴയോരത്ത് പലയിടങ്ങളിലായി തങ്ങിക്കിടക്കുകയാണ്. നഗരത്തിലെ പാതയോരത്തും പുഴ ഒഴുകിവരുന്ന പ്രദേശത്തെ ഓടകളിലും തള്ളുന്ന മാലിന്യം മഴവെള്ളത്തിൽ ഒഴുകി പുഴയിലേക്കെത്തുകയാണ്. ഇതിനു പുറമേ കവറുകളിലാക്കിയ വീട്ടുമാലിന്യം പുഴയിൽ വലിച്ചെറിയുന്നവരും കുറവല്ല. പുഴയോരം ബൈപാസിൽ വിശ്രമിക്കാനെത്തുന്നവർ കുപ്പികൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം പുഴയിലേക്ക് ഉപേക്ഷിക്കുന്നതു പതിവായിട്ടുണ്ട്.
നഗരത്തിൽ പലയിടത്തും ഹോട്ടൽ മാലിന്യവും നിർബാധം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. പുഴയോരം ദുർഗന്ധപൂരിതമാകാനും ഇത് കാരണമാകുന്നുണ്ട്. തൊടുപുഴയാറ്റിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി വർധിച്ചതായി മുൻപ് ആരോഗ്യ വകുപ്പ് കണ്ടെത്തി റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. അമിതമായി മലിനജലം ഒഴുകിയെത്തുന്നതാണ് ഇതിനു പ്രധാന കാരണമെന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിന് ഇപ്പോഴും മാറ്റമില്ല എന്നാണ് ചില കാഴ്ചകൾ വ്യക്തമാക്കുന്നത്.
വീടുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നും മലിനജലം ഒഴുകി പുഴയിലെത്തുന്നുണ്ട്. കോളിഫോം ബാക്ടീരിയ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയകൾ കൊണ്ട് നശിക്കാത്തവയായതിനാൽ ഈ വെള്ളം ഉപയോഗിക്കുന്നതിലൂടെ പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത ഏറെയാണ്.മഞ്ഞപ്പിത്തം, കോളറ, എലിപ്പനി,ടൈഫോയ്ഡ് തുടങ്ങിയ മാരക രോഗങ്ങൾക്ക് കോളിഫോം കലർന്ന വെള്ളം കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. നഗരത്തിൽ പലയിടത്തും ഉപയോഗ യോഗ്യമായ ശുചിമുറികൾ ഇല്ലാത്തതിനാൽ പലരും പ്രാഥമിക കാര്യങ്ങൾക്കായി പുഴയോരത്തെ ആശ്രയിക്കുന്നുണ്ട്. പുഴ മലിനമാക്കുന്ന സാഹചര്യം അവസാനിപ്പിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.