ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം

Mail This Article
നെടുങ്കണ്ടം∙ മൂന്നു തലമുറകളായി രോഗങ്ങൾക്ക് കൃത്യതയോടെ മരുന്നു നൽകുന്ന കുടുംബമുണ്ട് നെടുങ്കണ്ടം മുണ്ടിയെരുമയിൽ. ലോക ഫാർമസിസ്റ്റ് ദിനത്തിൽ ഏറെ അഭിമാനത്തിലാണ് ഈ കുടുംബത്തിലെ 5 ഫാർമസിസ്റ്റുകൾ. കഴിഞ്ഞ 31 വർഷമായി മുണ്ടിയെരുമയിൽ പ്രവർത്തിച്ചു വരുന്ന ‘ജലീൽ മെഡിക്കൽസ്’ ഉടമകളാണിവർ. മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നു ഫാർമസിസ്‌റ്റായി വിരമിച്ച പാക്കുവെട്ടി വീട്ടിൽ അബ്ദുൽ ജലീലാണ് മെഡിക്കൽ ഷോപ്പ് തുടങ്ങുന്നത്. ജലീലിന്റെ മകൻ എ.നസീർ പിതാവിന്റെ പാത തന്നെ തിരഞ്ഞെടുത്തു ഫാർമസിസ്റ്റായി. 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2021-ൽ ചോറ്റുപാറ ഹോമിയോ ഡിസ്പൻസറിയിൽനിന്ന് നസീർ വിരമിച്ചു.
കഴിഞ്ഞ വർഷം അബ്ദുൽ ജലീൽ മരിച്ചതോടെ മുണ്ടിയെരുമയിലെ ജലീൽ മെഡിക്കൽസ് മകൻ നസീർ ഏറ്റെടുത്തു. തുടർന്നാണ് നസീർ-ജാസ്മി ദമ്പതികളുടെ 2 ആൺമക്കളും ഫാർമസിസ്റ്റാകുന്നത്. അവരിരുവരും ജീവിതപങ്കാളിയായി ഫാർമസിസ്റ്റുകളെ തന്നെ കൂടെ കൂട്ടി. ഇതോടെ വീട്ടിൽ 5 ഫാർമസിസ്റ്റുകളായി. മൂത്ത മകൻ എൻ.ഷനൂബ് നെടുങ്കണ്ടത്തെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഭാര്യ ഫാത്തിമ. ഇളയ മകൻ അഫ്സൽ നസീർ പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക ജോലിക്കാരനാണ്. ഭാര്യ: പി.എ.ജസീല. മരുമക്കൾ നസീറിനെ സഹായിക്കാൻ ജലീൽ മെഡിക്കൽസിൽ സജീവമാണ്.