റേഷൻ വാങ്ങാനെത്തിയ തൊഴിലാളികൾ നോക്കി നിൽക്കെ കടയുടെ മേൽക്കൂര തകർത്ത് പടയപ്പ
Mail This Article
മൂന്നാർ ∙ റേഷൻ വാങ്ങാനെത്തിയ തൊഴിലാളികൾ നോക്കി നിൽക്കെ പടയപ്പ റേഷൻകടയുടെ മേൽക്കൂര തകർത്തു. മേൽക്കൂര തകർത്ത് അരിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അര മണിക്കൂറിനു ശേഷം പടയപ്പ കാട്ടിലേക്ക് മടങ്ങി. കണ്ണൻദേവൻ കമ്പനി ഗൂഡാർവിള എസ്റ്റേറ്റിൽ സൈലന്റ് വാലി ഡിവിഷനിലെ വേലമ്മാളിന്റെ ഉടമസ്ഥതയിലുളള 57-ാം നമ്പർ കടയാണ് ശനിയാഴ്ച വൈകിട്ട് കാട്ടാനയായ പടയപ്പ തകർത്തത്.
വൈകിട്ട് നാലരയോടെയാണ് വനമേഖലയോടു ചേർന്നു പ്രവർത്തിക്കുന്ന റേഷൻ കടയിൽ പടയപ്പയെത്തിയത്. ഈ സമയം സാധനങ്ങൾ വാങ്ങാനെത്തിയ നാലു തൊഴിലാളികളും കടയുടെ നടത്തിപ്പുകാരൻ രാജായും കടയിലുണ്ടായിരുന്നു. ആന കടയുടെ നേരെ വന്നതോടെ ഇവർ കടയടച്ച് പിൻവാതിൽ വഴി രക്ഷപ്പെട്ടു. ആന മേൽക്കൂരയിലെ ഷീറ്റുകളും പട്ടികകളും വലിച്ചു പുറത്തിട്ടു. തുമ്പിക്കൈ നീട്ടി അരി എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാട്ടിലേക്കു മടങ്ങി.