ഓട്ടോറിക്ഷ 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 6 പേർക്കു പരുക്ക്
Mail This Article
മൂന്നാർ∙ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് 4 അങ്കണവാടി ജീവനക്കാരടക്കം 6 പേർക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. മറയൂർ സ്വദേശികളായ പി.രാധിക (36), മാലതി (42), കുങ്കുമേശ്വരി (36), സിമി (42), ഓട്ടോ ഡ്രൈവർ ജയപാൽ (42), ക്രിസ്റ്റി (34) എന്നിവർക്കാണ് പരുക്കേറ്റത്.ഗുരുതരമായി പരുക്കേറ്റ രാധികയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 9ന് രാജമലയ്ക്കു സമീപമുള്ള അഞ്ചാംമൈലിൽ വച്ചാണ് അപകടമുണ്ടായത്. മൂന്നാർ പഞ്ചായത്തിൽ വച്ചു നടന്ന അങ്കണവാടി ജീവനക്കാരുടെ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി മറയൂരിൽനിന്നു വരുന്നതിനിടയിലാണ് കൊടുംവളവിൽവച്ച് നിയന്ത്രണംവിട്ട ഓട്ടോ 20 അടി താഴ്ചയിലേക്കു മറിഞ്ഞത്.
ഓട്ടോ താഴെയുള്ള മരത്തിൽ തട്ടി നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മരത്തിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ 100 അടി താഴ്ചയുള്ള പുഴയിലേക്ക് പതിക്കുമായിരുന്നു. സോത്തുപാറയിൽനിന്ന് ഇതു വഴിയെത്തിയ ജീപ്പ് ഡ്രൈവറും യാത്രക്കാരുമാണ് അപകടത്തിൽപെട്ടു കിടന്നവരെ ആശുപത്രിയിലെത്തിച്ചത്.