കുരുന്നുകൾ പഠിച്ച് നേടിയതാണ്; ആ പണം നൽകണം : ജില്ലയിൽ വിദ്യാർഥികൾക്ക് നൽകേണ്ട സ്കോളർഷിപ് കുടിശിക 10 ലക്ഷം രൂപ

Mail This Article
തൊടുപുഴ ∙ സംസ്ഥാനത്തെ എൽപി, യുപി ക്ലാസിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിൽ ജില്ലയിലെ കുടിശിക 10.60 ലക്ഷം രൂപ. 2020 മുതലുള്ള തുക കുടിശികയാണ്. എൽഎസ്എസ് 4–ാം ക്ലാസുകാർക്കും യുഎസ്എസ് 7–ാം ക്ലാസുകാർക്കുമുള്ള പരീക്ഷയാണ്. എൽഎസ്എസ് ജേതാക്കൾക്ക് 3 വർഷം തുടർച്ചയായി 1000 രൂപയും യുഎസ്എസ് ജേതാക്കൾക്ക് 1500 രൂപയുമാണ് ലഭിക്കുന്നത്. ജില്ലയിൽ 2020–21 വർഷത്തിൽ 65 കുട്ടികൾക്കു മാത്രം എൽഎസ്എസ് സ്കോളർഷിപ്പിൽ ഒരു ഗഡു ലഭിച്ചു.
65,400 രൂപയാണ് അന്നു വിതരണം ചെയ്തത്. ഇതേ വർഷം യുഎസ്എസ് സ്കോളർഷിപ്പിൽ 10 കുട്ടികൾക്ക് ഒരു ഗഡുവായി 14,700 രൂപ മാത്രമാണ് വിതരണം ചെയ്തത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സ്കോളർഷിപ് വിതരണം മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്. 2020ൽ യുഎസ്എസ് സ്കോളർഷിപ് നേടിയവർക്ക് പത്താം ക്ലാസ് കഴിഞ്ഞാലും തുക ലഭിക്കില്ലെന്ന അവസ്ഥയാണ് നിലവിലുള്ളത്.
മാസങ്ങളോളം കഠിന പരിശ്രമം നടത്തി പരീക്ഷയെഴുതി സ്കോളർഷിപ് നേടിയവർക്ക് കൃത്യസമയത്ത് തുക വിതരണം ചെയ്യാത്തതിൽ രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. എന്നാൽ ജില്ലയിൽ സംസ്കൃതം സ്കോളർഷിപ്പിൽ ഇതു വരെ കുടിശികയില്ല. സ്കോളർഷിപ് നേടിയ എല്ലാവർക്കും കൃത്യസമയത്ത് തുക വിതരണം ചെയ്തിട്ടുണ്ട്.
സ്കോളർഷിപ് കുടിശിക (വർഷം, വിജയിച്ചവർ, കുടിശിക)
എൽഎസ്എസ്
2020–21 185 3,04,500 രൂപ
2021–22 77 1,54,000 രൂപ
2022–23 50 50,000 രൂപ
യുഎസ്എസ്
2020–21 107 3,06,300 രൂപ
2021–22 57 1,70,200 രൂപ
2022–23 50 75,000 രൂപ
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local