ജാഗ്രത! കുമളിയിൽ കരടി, രാത്രിയാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ്; മറയൂരിൽ സ്ഥിതി ഗുരുതരം

Mail This Article
തൊടുപുഴ ∙ ജില്ലയിൽ മാസങ്ങളായി വന്യജീവി പ്രശ്നമുള്ള മേഖലയാണ് മറയൂരും വണ്ടിപ്പെരിയാറും. കൂടാതെ കഴിഞ്ഞ ദിവസം വണ്ണപ്പുറം മുള്ളരിങ്ങാട്ടിലും കാട്ടാന റോഡിലിറങ്ങി. ഇന്നലെ കുമളിയിൽ കരടിയെ കണ്ടതായി പറയുന്നു. വനംവകുപ്പ് അധികൃതരോട് പരാതി പറഞ്ഞിട്ടും ഇതിലൊന്നും നടപടിയില്ലാത്തതിനാൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.
കഴിഞ്ഞ ദിവസം രാത്രി കാന്തല്ലൂരിൽ കാട്ടാന ഫോറസ്റ്റ് വാച്ചറെ ആക്രമിച്ചിരുന്നു. കാട്ടാനകൾ നശിപ്പിക്കുന്ന കൃഷിക്ക് അധികൃതരുടെ കയ്യിൽ കണക്കില്ലാത്തതാണ് സ്ഥിതി. ജില്ലയിലെ വന്യജീവി പ്രശ്നങ്ങളിൽ പരിഹാരം ഇല്ലാത്തതിനാൽ പ്രതിഷേധം ഇരമ്പുകയാണ്.
മറയൂരിൽ സ്ഥിതി ഗുരുതരം; കൂസലില്ലാതെ കൃഷിയിടത്തിൽ കറങ്ങി കാട്ടാനയും കാട്ടുപോത്തും
കാട്ടാനശല്യത്തിൽ വലയുന്ന കാന്തല്ലൂർ പഞ്ചായത്തിൽ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ കടുത്ത പ്രതിഷേധം ഉയരുകയാണ്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്നലെ ജനകീയസമിതി അംഗങ്ങളും റവന്യു, കൃഷി, വനംവകുപ്പ് അധികൃതരുമായി ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ജനകീയ സമിതി. മാസങ്ങളായി കൃഷിയിടത്തിൽ തമ്പടിച്ച് നാശനഷ്ടം വരുത്തുന്ന കാട്ടാനക്കൂട്ടത്തെയും കാട്ടുപോത്തിനെയും വനത്തിലേക്കു കടത്തിവിടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച വനംവകുപ്പിനു കത്ത് നൽകിയിരുന്നു.

കാന്തല്ലൂർ അതിർത്തി പങ്കിടുന്ന മറയൂർ ചന്ദന ഡിവിഷൻ ഡിഎഫ്ഒ, മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കാണ് കത്ത് നൽകിയത്. എന്നാൽ യോഗത്തിൽ പങ്കെടുത്തത് കാന്തല്ലൂർ റേഞ്ചിലുള്ള റേഞ്ച് ഓഫിസർമാരും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്ററുമാണ്. ഇവരുമായി നടത്തിയ ചർച്ചയിൽ പരിഹാരമുണ്ടായില്ല.
പ്രശ്നം ഇത്രയും ഗുരുതരമായിട്ടും വനംവകുപ്പ് അനങ്ങുന്നില്ലെന്ന് ജനകീയ സമിതി ആരോപിച്ചു.ഇതിൽ പ്രതിഷേധിച്ചു വനംവകുപ്പ് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരവും റോഡ് ഉപരോധം ഉൾപ്പെടെ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജനകീയ സമിതി. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹൻദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനകീയ സമിതി അംഗങ്ങളും കർഷകരും പങ്കെടുത്തു.
ജാഗ്രത: കുമളിയിൽ കരടി രാത്രിയാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ്
ജനവാസ മേഖലയായ കുമളി അട്ടപ്പള്ളം ഹരിതനഗർ പ്രദേശത്ത് കരടിയെ കണ്ടതായി നാട്ടുകാർ. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തി. വനമേഖലയോടു ചേർന്ന പ്രദേശം അല്ലാത്തതിനാൽ ഒരുപക്ഷേ കൂട്ടം തെറ്റി വന്ന കരടിയാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് വനംവകുപ്പ്.
രാവിലെ 6.30നു കടയിലേക്ക് പോയ പ്രദേശവാസിയായ സാജനാണ് കരടിയുടെ രൂപസാദൃശ്യമുള്ള ജീവി റോഡ് മുറിച്ചു പോകുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു. പ്രദേശത്തെ കുറച്ച് വീട്ടമ്മമാരും കരടിയെ പോലൊരു ജീവിയെ കണ്ടതായി പറഞ്ഞു. പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണത്തിന് ആളുകളെ ഏർപ്പെടുത്തി. കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ രാത്രിയാത്ര ഒഴിവാക്കണമെന്നും കൃഷിയിടങ്ങളിൽ ഒറ്റയ്ക്കു പോകുന്നവർ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

മൂങ്കലാറിൽ പുലിക്കായി കെണി
ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞ മൂങ്കലാർ നാൽപതേക്കറിൽ പുലിയെ വീഴ്ത്താൻ കൂടും കൂടിനുള്ളിൽ ആട്ടിൻകുട്ടിയെയും ഒരുക്കി വനംവകുപ്പ്. കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. മാസങ്ങളായി കുരിശുമല, പുതുവൽ മേഖലകളിൽ ജനജീവിതത്തിനു ഭീഷണിയായി പുലി തമ്പടിച്ചിരിക്കുകയാണ്. ഒരു ഡസനിലധികം വളർത്തുമൃഗങ്ങളെയാണ് പുലി വകവരുത്തിയത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഇവിടെ പ്രദേശവാസികളുടെ ആടുകളെ കൂട്ടത്തോടെ കാണാതായിരുന്നു. കൂടാതെ നായ്ക്കളെയും പുലി വേട്ടയാടി. ഇത്തരത്തിൽ തുടർച്ചയായി ജനവാസ കേന്ദ്രങ്ങൾക്കു സമീപം പുലി എത്തുന്ന വിവരം അറിയിച്ചിട്ടും ഏറെ വൈകിയാണ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചത്. തുടർന്ന് പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടും വീണ്ടും ദിവസങ്ങൾ വേണ്ടിവന്നു കൂട് സ്ഥാപിക്കാനെന്നും പരാതി ഉയർന്നിട്ടുണ്ട്.