കാടുമൂടി പാതയോരങ്ങൾ; ഇടുക്കി – നേര്യമംഗലം പാതയിൽ അപകടഭീഷണി

Mail This Article
ചെറുതോണി ∙ കാടുമൂടിയ സംസ്ഥാന പാത അപകട ഭീഷണി ഉയർത്തുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ഇടുക്കി – നേര്യമംഗലം സംസ്ഥാന പാതയിൽ പാംബ്ല മുതൽ കരിമണൽ വരെയുള്ള ഭാഗമാണ് കാടുമൂടിയും കാട്ടു മരങ്ങൾ ചരിഞ്ഞും യാത്ര ദുസ്സഹമായത്. ഹൈറേഞ്ചിൽ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്നാണ് ഇടുക്കി – നേര്യമംഗലം സംസ്ഥാനപാത. രാപകൽ വ്യത്യാസമില്ലാതെ സദാസമയവും വാഹനങ്ങൾ കടന്നുപോകുന്ന ഈ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും ഈറ്റയും വള്ളിപ്പടർപ്പുകളും കാട്ടുപൊന്തകളും പടർന്നതോടെ കൊടും വളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കൃത്യമായി കാണാൻ കഴിയുന്നില്ലെന്ന് ഡ്രൈവർമാർ പരാതി പറയുന്നു.
പൊന്തക്കാടുകൾക്കു പുറമേ, പാതയോരത്തു നിൽക്കുന്ന വൻ മരങ്ങൾ റോഡിലേക്ക് പതിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കാലവർഷത്തിൽ വശങ്ങൾ ഇടിഞ്ഞു പോകുന്നതും മലവെള്ളപ്പാച്ചിലിൽ രൂപപ്പെടുന്ന അപകട ഗർത്തങ്ങളും കാടിനു നടുവിലുള്ള ഈ റോഡിന്റെ പ്രത്യേകതയാണ്. എന്നാൽ അപകടങ്ങൾ തുടർക്കഥയായ റോഡിൽ വേണ്ടത്ര മുന്നറിയിപ്പു സംവിധാനങ്ങൾ പോലും ഇല്ലെന്നും യാത്രക്കാർ പറയുന്നു. കഴിഞ്ഞ 3 മാസത്തിനിടെ ഒരു ഡസനിലേറെ വാഹനാപകടങ്ങളാണ് ഈ ഭാഗത്ത് നടന്നത്. വഴി പരിചയമില്ലാത്ത ഇതര ജില്ലക്കാരാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. സംസ്ഥാന പാത വിഭാഗം അലംഭാവം വെടിഞ്ഞ് വഴിയോരത്തെ കാട് തെളിക്കാനും സൂചനാ ബോർഡുകൾ സ്ഥാപിക്കാനും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.