സുരക്ഷയില്ലാതെ മൂന്നാറിലെ ഡാമുകൾ; ആർക്കും ഏതുസമയത്തും കയറിയിറങ്ങാം
Mail This Article
മൂന്നാർ ∙ ജില്ലയിലെ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് ജില്ലാ ഭരണകൂടം കർശന നടപടികൾ തുടങ്ങിയിട്ടും യാതൊരു സുരക്ഷയുമില്ലാതെ മേഖലയിലെ മൂന്നു ഡാമുകൾ. പഴയ മൂന്നാർ ഹെഡ് വർക്സ്, മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലാണ് സുരക്ഷ സംവിധാനങ്ങളോ നിരീക്ഷണ ക്യാമറകളോ ഇല്ലാത്തത്. രണ്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദനം നടക്കുന്ന മാട്ടുപ്പെട്ടി ഡാമിലും സമീപത്തെ സംരക്ഷിത മേഖലകളിലും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പൊതുജനങ്ങൾ, വിനോദ സഞ്ചാരികൾ എന്നിവർക്ക് ഏതു സമയത്തും കയറിയിറങ്ങി നടക്കാവുന്ന അവസ്ഥയാണുള്ളത്.
ഡാമിനു സമീപത്തു തന്നെയാണ് വൈദ്യുതി ഉൽപാദനം നടക്കുന്ന പവർഹൗസും പ്രവർത്തിക്കുന്നത്. 15 ടണ്ണിലധികം ഭാരം കയറ്റിയ ലോറികൾ സദാ സമയവും മാട്ടുപ്പെട്ടി ഡാമിനു മുകളിൽ കൂടിയാണ് കടന്നുപോകുന്നത്. കൂടാതെ വിനോദസഞ്ചാരികളുടേതടക്കം നൂറുകണക്കിനു വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും യാത്ര ചെയ്യാൻ കഴിയുന്ന വിധത്തിലാണ് മാട്ടുപ്പെട്ടി ഡാമും പരിസരവുമുള്ളത്. സമാന രീതിയിലാണ് പഴയ മൂന്നാറിലെ ഹെഡ് വർക്സ് ഡാമും കുണ്ടള ഡാമും സ്ഥിതി ചെയ്യുന്നത്.
ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മൂന്നാറിലെ 3 ഡാമുകളുടെയും സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ പോലും ഇതുവരെ നിയമിക്കാൻ അധികൃതർക്കായിട്ടില്ല. ഒരു മാസം മുൻപ് ഇടുക്കി ഡാമിലുണ്ടായ സുരക്ഷാവീഴ്ചയെ തുടർന്ന് കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡാം സുരക്ഷാ അതോറിറ്റി, വൈദ്യുതി വകുപ്പ് തുടങ്ങിയവർ ഉന്നതതല യോഗം ചേർന്ന് ജില്ലയിലെ മുഴുവൻ ഡാമുകളുടെയും സുരക്ഷ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. എന്നാൽ മൂന്നാറിലെ ഡാമുകളുടെ സുരക്ഷയുടെ കാര്യത്തിൽ പിന്നീട് നടപടിയുണ്ടായില്ല.
English Summary: Dams in Munnar without security