മൂന്നാറിലെ ഗതാഗതക്കുരുക്ക്: നടപടിക്ക് ഉപദേശകസമിതി

Mail This Article
മൂന്നാർ ∙ ടൗണിലെയും പരിസരങ്ങളിലെയും ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കർശന നടപടികളെടുക്കാൻ ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനം. വർധിച്ചു വരുന്ന ഓട്ടോറിക്ഷകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സ്റ്റാൻഡ് പെർമിറ്റ് നൽകുന്നത് നിയന്ത്രിക്കും. ടൗണിലും പരിസരങ്ങളിലുമുള്ള പാതയോരങ്ങളിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് നിരോധിക്കും. ഇനി മുതൽ മുസ്‍ലിം പള്ളിക്ക് താഴ്‌വശം, കാർഗിൽ റോഡ് എന്നിവിടങ്ങളിൽ ബൈക്കുകൾ പാർക്കു ചെയ്യണം. ഐഎൻടിയുസി കെട്ടിടത്തിനു മുൻപിൽ ഇനി മുതൽ നാല് പെട്ടി ഓട്ടോകൾ, 5 ടാക്സി ഓട്ടോകൾ മാത്രമേ അനുവദിക്കുകയുള്ളു.
നല്ലതണ്ണി കവലയിലെ ഒരു വശത്തെ ഓട്ടോകൾ നീക്കംചെയ്ത് ഈ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കും. മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന വാഹനങ്ങൾ ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം നീക്കം ചെയ്യും. മറ്റു സ്ഥലങ്ങളിൽ നിന്നു വാഹനങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് ടൗണിലും പരിസരങ്ങളിലുമിട്ട് വിൽക്കുന്നത് നിരോധിക്കും. മഴവിൽ പാലത്തിലെയും ഇരുവശങ്ങളിലെ പ്രവേശന കവാടത്തിലെയും കച്ചവടങ്ങൾ ഒഴിപ്പിക്കാനുംഇന്നലെ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ജ്യോതി,ദേവികുളം തഹസിൽദാർ കെ.ജി.രാജൻ, എസ്എച്ച്ഒ രാജൻ കെ.അരമന, ട്രാഫിക് എസ്ഐ പി.പി.ഷാജി, പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ തുടങ്ങിയവർ പ്രസംഗിച്ചു.