മുളപ്പുറം പാലം കാത്തിരിക്കുന്നു, അപ്രോച്ച് റോഡിനായി

Mail This Article
കരിമണ്ണൂർ∙ മുളപ്പുറം തോടിനു കുറുകെ പാലം പണിതിട്ട് മാസങ്ങളായെങ്കിലും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ ജനങ്ങൾ ദുരിതത്തിൽ. മൂന്നു തൂണുകളിൽ ഉയർത്തി നിർമിച്ച പാലത്തിന്റെ അവസ്ഥ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പാലം പണിയുടെ ഭാഗമായി കോട്ടക്കവല - മുളപ്പുറം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടു ഒരു വർഷം ആയി. ഇവിടെ ഉണ്ടായിരുന്ന പഴയ കലുങ്ക് പൊളിച്ചു പുതിയത് വലിയ ഉയരത്തിൽ വാർക്കുകയും ചെയ്തു. എന്നാൽ ഇതുവരെയും പാലത്തിന് അപ്രോച്ച് റോഡ് പണിയാനോ റോഡ് ഉയർത്താനോ നടപടി ഉണ്ടായിട്ടില്ല.
പാലം പണിയുടെ പേരിൽ പ്രധാന റോഡിൽ നിന്നും മിഷൻകുന്നു വഴിയാണ് ഗതാഗതം തിരിച്ചു വിട്ടിരിക്കുന്നത്. ഇതുവഴി വലിയ വാഹനങ്ങൾ ഉൾപ്പെടെ ഓടി തുടങ്ങിയതോടെ ഈ വഴിയും തകർന്നു. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ കഴിയാത്തതു യാത്രാ ദുരിതത്തിന് ഇടയാക്കിയിരിക്കുകയാണ്.
കൂടാതെ സർവീസ് ബസുകൾ കിലോമീറ്ററുകൾ അധിക ദൂരം ഓടുന്നത് ഇന്ധന ചെലവിൽ വർധന ഉണ്ടാക്കുന്നതായി ബസ് ജീവനക്കാർ പറഞ്ഞു. അതിനാൽ ഇനിയും ഇതിലൂടെ യാത്ര തുടർന്നു പോകാൻ ബുദ്ധിമുട്ടാണെന്നാണ് അവർ പറയുന്നത്. റോഡിന്റെ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിൽ കെഎസ്‌ടിപിയും കരാർ കമ്പനിയും താൽപര്യം കാട്ടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തരമായി പാലത്തിന്റെ പണി പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം