വൃക്കരോഗികൾ ചോദിക്കുന്നു, ഞങ്ങളോട് എന്തിനീ ക്രൂരത?
Mail This Article
തൊടുപുഴ∙ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് മെഷീനുകളിൽ ഭൂരിഭാഗവും തകരാറിലായി മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. ആകെയുള്ള 14 മെഷീനുകളിൽ ആറെണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. സംഭവത്തിൽ പ്രതിഷേധവുമായി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുന്ന വൃക്കരോഗികൾ രംഗത്തെത്തി.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ ഇന്നലെ രാവിലെ മുതൽ ഉച്ച വരെ അൻപതോളം രോഗികൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. തങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന ചികിത്സ പഴയ രീതിയിൽ ലഭിക്കുന്നില്ലെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
നാലു മാസത്തോളമായി ഡയാലിസിസ് യൂണിറ്റിന്റെ യുപിഎസ് തകരാറിലായിരിക്കുകയാണ്. നിലവിൽ ആശുപത്രിയിലുള്ള 13 യൂണിറ്റുകളിൽ ഏഴ് യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നാൽപതോളം രോഗികളാണ് ഡയാലിസിസിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഒരു രോഗിക്ക് നാലു മണിക്കൂറാണ് ഡയാലിസിസിനുള്ള സമയം. ഇപ്പോൾ ഏഴു യൂണിറ്റുകൾ പ്രവർത്തിക്കുന്നതിനാൽ ഷിഫ്റ്റ് അനുസരിച്ച് ഒരു രോഗിക്ക് മൂന്നു മണിക്കൂറാണ് വേണ്ടി വരുന്നത്. സമയം കുറയുന്നതുമൂലം പല തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നാണ് രോഗികൾ പറയുന്നത്.
എന്നാൽ ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാൻ കരാറെടുത്ത സ്വകാര്യ കമ്പനികൾ വ്യവസ്ഥകൾ പാലിക്കാൻ തയാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. യന്ത്രത്തിന് തകരാർ സംഭവിച്ചാൽ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണ്. യൂണിറ്റ് തകരാറിലായ വിവരം ബന്ധപ്പെട്ട കമ്പനിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.