ADVERTISEMENT

മറയൂർ ∙ കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് ടൂറിസം വില്ലേജ് മത്സരത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂർ‍ പഞ്ചായത്ത് ഗോൾഡ്‌ അവാർഡ് നേടിയത് കേരള ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി വിജയകരമായി ഏറ്റെടുത്ത് നടപ്പാക്കിയതിലൂടെ. ടൂറിസത്തിലൂടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃത ആസൂത്രിതവുമായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. ലോക ടൂറിസം ദിനമായ ഇന്നലെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതിയിൽനിന്നു കേരള ടൂറിസം ഡയറക്ടർ പി.ബി.നൂഹ്, സംസ്ഥാന റൂറൽ ടൂറിസം നോഡൽ ഓഫിസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓർഡിനേറ്ററുമായ കെ.രൂപേഷ്കുമാർ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹൻദാസ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 8 മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകൾക്ക് ഒടുവിലാണ് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 767 ഗ്രാമങ്ങൾ മത്സരിച്ചതിൽ നിന്നും 5 എണ്ണത്തിന് സ്വർണമെഡലും 10 എണ്ണത്തിന് വെള്ളിയും 20 ഗ്രാമങ്ങൾക്ക് വെങ്കലവും ലഭിച്ചു. 

ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി

കാന്തല്ലൂരിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ പെപ്പർ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. അത് വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം കാന്തല്ലൂരിനെ സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സ്പെഷൽ ടൂറിസം ഗ്രാമസഭകൾ, ടൂറിസം റിസോഴ്സ് മാപ്പിങ്, ടൂറിസം ഡയറക്ടറി തയാറാക്കൽ, വിവിധ പരിശീലനങ്ങൾ, ചെറുകിട – ഇടത്തരം സംരംഭങ്ങൾ രൂപീകരണം റജിസ്ട്രേഷൻ എന്നിവ വിജയകരമായി നടപ്പാക്കി. കൃത്യമായ ആസൂത്രണത്തോടെ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും ചേർന്ന് പദ്ധതി പ്രവർത്തനം നടത്തി. രാജ്യത്ത് തന്നെ ആദ്യമായി പഞ്ചായത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് ടൂറിസം അടിസ്ഥാന സൗകര്യ വികസനം നടത്തി. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി തയാറാക്കിയ ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോൾ അനുസരിച്ച് ടൂറിസം സംരംഭങ്ങൾക്കും ടൂറിസം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്കും പഞ്ചായത്ത് തല റജിസ്ട്രേഷൻ ഏർപ്പെടുത്തി. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി, പ്രവേശന കവാടം നിർമിച്ച് ഗ്രീൻ ചെക്പോസ്റ്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു.

ഗ്രാമീണ ടൂറിസം – കാർഷിക ടൂറിസം പ്രവർത്തനങ്ങൾക്ക് കൃത്യമായ രൂപരേഖ തയാറാക്കി പാക്കേജുകൾ, ടൂറിസം ഫെസ്റ്റ് എന്നിവ  സംഘടിപ്പിച്ചു. ടൂർ പാക്കേജുകൾക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചു. കൃത്യമായ ഇടവേളകളിൽ സംരംഭക ശിൽപശാലകളും വിലയിരുത്തൽ യോഗങ്ങളും നടന്നു. ഉത്തരവാദിത്ത ടൂറിസം മിഷനും യുഎൻ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാർദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് കാന്തല്ലൂർ. ഇതിന്റെ ഭാഗമായി ഡെസ്റ്റിനേഷൻ സുരക്ഷാ പഠനം നടന്നു. ഇങ്ങനെ കണ്ടെത്തിയ പരിമിതികൾ പരിഹരിക്കുന്നതിനായി പൊതു ശുചിമുറികളും പൊതു വാട്ടർ വെൻഡിങ് മെഷീനുകളും സ്ഥാപിച്ചു. വഴിവിളക്കുകളുടെ പരിപാലനവും നടത്തി. വാട്ടർ വെൻഡിങ് മെഷീൻ വഴി ഒരു രൂപയ്ക്ക് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കി. 

പഞ്ചായത്ത് പ്രദേശത്തെ പൂർണമായി ഗ്രീൻ ടൂറിസം സർക്കീട്ടായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിനായി ഹരിത ചെക്പോസ്റ്റ് ഏർപ്പെടുത്തി. തുണിസഞ്ചികൾ വിതരണം ചെയ്ത ശേഷവും പ്ലാസ്റ്റിക് ഉപയോഗിച്ച സംരംഭങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ടൂറിസ്റ്റുകൾ  യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവൻ വാഹനങ്ങൾക്കും പഞ്ചായത്ത് - പൊലീസ് - മോട്ടർ വാഹനവകുപ്പ് - ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ അനുമതിയോടെ ഗ്രീൻ ടൂറിസം സർക്കീട്ട് ബാഡ്ജ് ഏർപ്പെടുത്തി. ഇതിന് ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലും ഉത്തരവാദിത്ത ടൂറിസം മിഷൻ യൂണിറ്റുകളുടെ നേതൃത്വത്തിലും വിമൻ ഒൺലി ടൂറുകളും ആരംഭിച്ചു.

''രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണ്.'' പി.എ.മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com