ബാക്കിയുള്ള പണി ഇനി എന്നാണാവോ...? തൂക്കുപാലം– സന്യാസിയോട മാമൂട്ടിലെ അപകടവളവിലെ നവീകരണ ജോലികൾ നിലച്ചു

Mail This Article
നെടുങ്കണ്ടം∙ അപകടങ്ങൾ തുടർക്കഥയായ തൂക്കുപാലം– സന്യാസിയോട മാമൂട്ടിലെ അപകടവളവിലെ നവീകരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച നിലയിൽ. ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ കടന്നുപോകുന്ന തൂക്കുപാലം-പുളിയൻമല റോഡിൽ സന്യാസിയോട മാമൂടിനു സമീപമാണ് തുടർച്ചയായി വാഹനങ്ങൾ അപകടത്തിൽപെടുന്നത്. ഒന്നര വർഷത്തിനിടെ ചെറുതും വലുതുമായ നാൽപത്തഞ്ചിലേറെ അപകടങ്ങൾ ഇവിടെ നടന്നു. രാത്രിയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് സമീപത്തുകൂടി ഒഴുകുന്ന തോട്ടിലേക്കു പതിക്കുകയാണ്. ഭാരവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാണ്. നിയന്ത്രണം നഷ്ടപ്പെടുന്ന ഭാര വാഹനങ്ങൾ റോഡിരികിലെ കലുങ്കിൽ ഇടുപ്പിച്ചാണ് നിർത്തുന്നത്. റോഡിന് മതിയായ വീതി ഇല്ലാത്തതും നിർമാണത്തിലെ അശാസ്ത്രീയതയുമാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരും ഡ്രൈവർമാരും പറയുന്നത്.
പരാതികൾ പതിവായതോടെ അപകട സ്ഥലത്ത് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോൾ പാതിവഴിയിൽ നിലച്ച മട്ടാണ്. സ്ഥലത്തെ വീതികുറഞ്ഞ കലുങ്ക് നവീകരിക്കാനായി പാറ പൊട്ടിച്ചിരുന്നു. എന്നാൽ പാറ പൊട്ടിച്ച ഭാഗത്ത് രൂപപ്പെട്ട ഗർത്തം കൂടുതൽ അപകടഭീഷണിയായി മാറുകയാണ്. അപകടമൊഴിവാക്കാനായി അധികൃതർ വഴിയിൽ വീപ്പകൾ സ്ഥാപിച്ചതോടെ റോഡിന്റെ വീതി പിന്നെയും കുറഞ്ഞു. റോഡിന് സംരക്ഷണ ഭിത്തി നിർമിച്ച് വീതികൂട്ടി നിർമിക്കണമെന്നും മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രാരംഭഘട്ട നടപടികൾ പൂർത്തീകരിച്ചതായും ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ അനുമതി ലഭിക്കുമെന്നും പിഡബ്യുഡി അധികൃതർ അറിയിച്ചു.