കത്തിച്ചുവച്ച കർപ്പൂരത്തിൽനിന്ന് കടയ്ക്കു തീപിടിച്ചു: അപകടം മൂന്നാർ ടൗണിൽ

Mail This Article
മൂന്നാർ∙ രാത്രി കട അടയ്ക്കാൻ നേരം കത്തിച്ചുവച്ച കർപ്പൂരത്തിൽനിന്നു കടയിലെ സാധനങ്ങളിലേക്കു തീ പടർന്നു. പൂട്ടിയിട്ടിരുന്ന മാർക്കറ്റിൽനിന്നു പുകയുയരുന്നതു കണ്ട് ടൗണിലെ മറ്റു കടക്കാർ വിവരമറിയിച്ചതിനെ തുടർന്ന് മാർക്കറ്റ് തുറന്നു തീയണച്ചതുമൂലം വൻ ദുരന്തം ഒഴിവായി. ചൊവ്വാ രാത്രി 9ന് മൂന്നാർ ടൗണിലെ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. മാർക്കറ്റിനുള്ളിലെ പച്ചക്കറി വ്യാപാരിയായ പഴയ മൂന്നാർ സ്വദേശിയായ ബാലമുരുകന്റെ കടയ്ക്കാണ് തീപിടിച്ചത്. കട അടച്ച് പോകുന്നതിനു മുൻപ് ഭഗവാന്റെ ചിത്രത്തിനു മുൻപിൽ കത്തിച്ചു വച്ച കർപ്പൂരത്തിൽനിന്നാണ് തീ പടർന്നത്.
രാത്രി 9ന് മാർക്കറ്റിനുളളിൽനിന്നു പുകയുയരുന്നതു കണ്ട വഴിയാത്രക്കാരും മറ്റു വ്യാപാരികളുമാണ് വിവരം കമ്പനി അധികൃതരെ അറിയിച്ചത്. മറ്റ് കടകളിലേക്ക് തീ പടരുന്നതിന് മുൻപ് തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെഡിഎച്ച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് രാവിലെ 6 മുതൽ 8 വരെയാണ് പ്രവർത്തിക്കുന്നത്. കമ്പനി അധികൃതർ രാത്രി 8 ന് മാർക്കറ്റ് പൂട്ടും. 100 ലധികം പച്ചക്കറി, പലചരക്ക് കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. 1987 സെപ്റ്റംബർ 23ന് രാത്രിയിൽ സമാന രീതിയിൽ മൂന്നാർ ബസാറിൽ വെളിച്ചെണ്ണ ഉരുകാനായി വച്ചിരുന്ന വൈദ്യുതി ബൾബിൽനിന്നു തീ പടർന്ന് അൻപതിലേറെ കടകൾ കത്തിനശിച്ചിരുന്നു.
English Summary: Fire Breaks out in Munnar Vegetable Market