മൂന്നാർ ദൗത്യസംഘം: സർക്കാർ അറിഞ്ഞില്ല! കലക്ടറും എംപിയും ചേർന്ന് ഗൂഢാലോചനയെന്ന് എൽഡിഎഫ്

Mail This Article
തൊടുപുഴ ∙ മൂന്നാറിൽ വീണ്ടും ദൗത്യസംഘമെത്തുമ്പോൾ കുറ്റങ്ങളെല്ലാം ജില്ലാ കലക്ടർക്കാണെന്നാണ് സിപിഐ പക്ഷം. എന്നാൽ ഉത്തരവിൽ തങ്ങൾക്കു പങ്കില്ലെന്ന് ജില്ലാ ഭരണകൂടം ആവർത്തിക്കുന്നു. ദൗത്യസംഘത്തെ നിയമിക്കാനുള്ള തീരുമാനം കലക്ടറുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി മൂന്നാറിലെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്തു വന്നിരുന്നു. എന്നാൽ 2010 മുതലുള്ള മൂന്നാറിലെ അനധികൃത നിർമാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെയുള്ള നടപടികൾ വേഗത്തിലാക്കുന്നതിന് ടാസ്ക് ഫോഴ്സിനെ നിയമിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത് സംസ്ഥാന സർക്കാരാണെന്നും ജില്ലയിലെ എൽസി കേസുകളിൽ റവന്യു വകുപ്പിന് തന്നെ തുടർനടപടി സ്വീകരിക്കാൻ കഴിയുമായിരുന്നു എന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.
ടാസ്ക് ഫോഴ്സിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം സർക്കാർ തേടിയിട്ടില്ല. 2010ൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ 310 കയ്യേറ്റങ്ങളെ കുറിച്ചാണ് പരാമർശമുള്ളത്. ഇതിൽ 70 കേസുകളിലാണ് അപ്പീൽ ഉള്ളത്. അപ്പീലുകളിൽ കലക്ടർ ഉടൻ തീരുമാനമെടുക്കും. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ചുമതലയെന്നാണ് സർക്കാരിന്റെ വാദം. വീട് നിർമിക്കാൻ ഒരു സെന്റിൽ താഴെ മാത്രമാണ് ഭൂമി കയ്യേറിയതെങ്കിൽ അതിന് പട്ടയം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സർക്കാർ അറിഞ്ഞില്ല! കലക്ടറും എംപിയും ചേർന്ന് ഗൂഢാലോചനയെന്ന് എൽഡിഎഫ്
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ദൗത്യസംഘത്തെ നിയമിക്കാനുള്ള നീക്കത്തിനു പിന്നിൽ ജില്ലാ കലക്ടറും ഡീൻ കുര്യാക്കോസ് എംപിയും ചേർന്നുള്ള ഗൂഢാലോചനയെന്നാണ് മൂന്നാറിലെ പ്രാദേശിക എൽഡിഎഫ് നേതൃത്വത്തിന്റെ ആരോപണം. സർക്കാർ അറിയാതെയാണ് കലക്ടർ എംപിയുമായി ചേർന്ന് ജനങ്ങളെ ആശങ്കയിലാക്കുന്ന ഉത്തരവുകളും തീരുമാനങ്ങളും നടപ്പാക്കുന്നത്. കയ്യേറ്റക്കാരായ 335 പേരുടെ പട്ടിക കലക്ടർ തയാറാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു.
ദേവികുളം താലൂക്കിലെ പട്ടയപ്രശ്നങ്ങൾ, കുറ്റ്യാർവാലിയിലെ ഭൂപ്രശ്നം എന്നിവ പരിഹരിക്കുന്നതിന് തയാറാകാതെ ജനദ്രോഹ നടപടികളുമായി കലക്ടർ നീങ്ങുന്നത് സർക്കാരിന്റെ അറിവോടെയല്ല. അമിക്കസ് ക്യൂറി അംഗങ്ങളാണ് കലക്ടറെ ഭരിക്കുന്നത്. അവർ തീരുമാനിച്ച് നിർദേശിക്കുന്ന കാര്യങ്ങളാണ് കലക്ടർ ചെയ്യുന്നത്. പുതിയ ദൗത്യസംഘത്തെ ഒരു തരത്തിലും അംഗീകരിക്കില്ല.
ഏത് സംഘം വന്നാലും ജനങ്ങളെ അണിനിരത്തി എതിർക്കും. കലക്ടറുടെ ലിസ്റ്റിലുള്ള ഒരാളെ പോലും ഇറക്കിവിടാൻ അനുവദിക്കില്ല. പുതിയ ദൗത്യസംഘത്തെ ഇറക്കി മൂന്നാറിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും എൽഡിഎഫ് നേതാക്കളായ പി.പളനിവേൽ, ടി.ചന്ദ്രപാൽ, കെ.കെ.വിജയൻ, ആർ. ഈശ്വരൻ എന്നിവർ പറഞ്ഞു.
English Summary: Task Force Appointed for Munnar Encroachments: Government Ignored District Administration's Opinion