എസ്ഐക്കും എസ്എച്ച്ഒമാർക്കും എതിരെ നടപടി: സേനയ്ക്കുള്ളിൽ അമർഷം

Mail This Article
തൊടുപുഴ ∙ രാജസ്ഥാൻ യുവതിയെ പീഡിപ്പിച്ച കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് കുമളി എസ്ഐ, ഉപ്പുതറ, മുല്ലപ്പെരിയാർ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. പ്രതികളുടെ താമസസ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്യാതിരുന്നത് പീരുമേട് ഡിവൈഎസ്പിയുടെ നിർദേശം അനുസരിച്ചാണെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിരുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നതാണ്. എന്നിട്ടും കീഴ്ജീവനക്കാരെ ബലിയാടാക്കുന്ന നടപടിയാണ് മേലുദ്യോഗസ്ഥർ സ്വീകരിച്ചതെന്നാണ് ആരോപണം. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട യുവതിയെ കുമളിയിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് പാലാ പൂവരണി മോളേപ്പറമ്പിൽ മാത്യു ജോസ് (36), കുമളി ചെങ്കര കുരിശുമല പുതുവൽ സ്വദേശി സക്കീർ മോൻ (24) എന്നിവർക്കെതിരെ കുമളി പൊലീസ് കേസെടുത്തത്. മാസങ്ങൾക്കു മുൻപ് നടന്ന സംഭവത്തിൽ കഴിഞ്ഞ മേയ് 8നാണ് യുവതി കുമളി പൊലീസിൽ പരാതി നൽകിയത്. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്നു തന്നെ സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന സിഐ, പീരുമേട് ഡിവൈഎസ്പി എന്നിവരെ വിവരം അറിയിച്ചു.
യുവതിയുടെ നഗ്നചിത്രങ്ങളുൾപ്പെടെ പ്രതിയുടെ മൊബൈൽ ഫോണിൽ ഉണ്ടെന്ന് പൊലീസിനു സൂചനയും ലഭിച്ചിരുന്നു. മൊബൈൽ ഫോണുൾപ്പെടെ പിടിച്ചെടുക്കുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമാണ് എസ്ഐയുടെ നേതൃത്വത്തിൽ ഇവർ താമസിക്കുന്ന സ്ഥലത്തെത്തിയത്. എന്നാൽ പ്രതികളിലാെരാളായ മാത്യു ജോസ് ഉന്നത സ്വാധീനവും സമൂഹത്തിൽ ഉയർന്ന സ്ഥാനവുമുള്ളയാളാണെന്നും അതിനാൽ കൃത്യമായ തെളിവുകളില്ലാതെ അറസ്റ്റിലേക്ക് നീങ്ങരുതെന്നും നടപടി നേരിട്ട ഉന്നത ഉദ്യോഗസ്ഥൻ കുമളി പൊലീസിന് നിർദേശം നൽകിയിരുന്നുവെന്നാണ് സേനയിലുള്ളവർ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിർദേശം അനുസരിക്കുകയാണ് നടപടി നേരിട്ട ഉദ്യോഗസ്ഥർ ചെയ്തത്. എന്നാൽ അവർക്കെതിരെ നടപടി സ്വീകരിച്ചത് സേനയിലുള്ളവരുടെ മനോവീര്യം കെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആരോപണവിധേയനായ മേലുദ്യോഗസ്ഥൻ അടിമാലി, അങ്കമാലി എന്നിവിടങ്ങളിൽ ജോലി ചെയ്തപ്പോൾ പല കേസുകളിലും നിയമവിരുദ്ധമായി ഇടപെട്ടതിനെതിരെ പരാതിഉയർന്നിരുന്നു.