മനുഷ്യനും കാട്ടാനയുമായുള്ള സംഘർഷമാെഴിവാക്കി ആനയിറങ്കലിൽ ബോട്ടിറങ്ങുമോ? പ്രതീക്ഷയിൽ ടൂറിസം വകുപ്പ്

Mail This Article
രാജകുമാരി∙ മനുഷ്യനും കാട്ടാനയുമായുള്ള സംഘർഷമാെഴിവാക്കി ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് പുനരാരംഭിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അഞ്ചംഗ വിദഗ്ധ സമിതിയോട് ഹൈക്കോടതി നിർദേശിച്ചതോടെ ഹൈഡൽ ടൂറിസം വിഭാഗത്തിനും നാട്ടുകാർക്കും പ്രതീക്ഷയേറി. അരിക്കാെമ്പൻ വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച ഇൗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കഴിഞ്ഞ ജൂലൈ 14ന് ആണ് ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിങ് ഹൈക്കോടതി നിരോധിച്ചത്. ആനയിറങ്കലിലെ ബോട്ടിങ് കാട്ടാനകൾക്ക് ശല്യമാകുന്നു എന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തൽ.
എന്നാൽ നിലവിൽ വിദഗ്ധ സമിതിക്ക് ആനയിറങ്കലിലെ ബോട്ടിങ് പൂർണമായി നിരോധിക്കണമെന്ന അഭിപ്രായമില്ലെന്നാണ് വിവരം. വന്യജീവികളെ ബാധിക്കാതെ എങ്ങനെ ബോട്ടിങ് നടത്താം എന്നതാണ് സമിതിയുടെ പരിഗണനയിലുള്ള വിഷയം. ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകും മുൻപ് സമിതി ജനപ്രതിനിധികളെയും നാട്ടുകാരെയും കൂടി ഉൾപ്പെടുത്തി സിറ്റിങ് നടത്തിയേക്കും. കോടതി നിർദേശിക്കുന്ന ഭേദഗതികളോടെ ബോട്ടിങ് പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഹൈഡൽ ടൂറിസം വിഭാഗത്തിനും. ആനയിറങ്കൽ ജലാശയത്തിൽ ബോട്ടിങ് നിരോധിച്ചതോടെ ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ വരുമാനത്തിൽ പ്രതിദിനം ഒരു ലക്ഷം രൂപ നഷ്ടമുണ്ടെന്നാണ് കണക്ക്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
സീസണിൽ ദിവസം ആയിരവും ഓഫ് സീസണിൽ അഞ്ഞൂറും സഞ്ചാരികളാണ് ആനയിറങ്കലിൽ എത്തിയിരുന്നത്. ബോട്ടിങ് നിരോധിച്ചതിന് ശേഷം ഇവിടെ സഞ്ചാരികളെത്തുന്നത് പേരിനു മാത്രമായി. ആനയിറങ്കൽ ബോട്ടിങ് വന്യമൃഗങ്ങൾക്ക് ഭീഷണിയല്ലെന്നു വിശദമാക്കുന്ന സത്യവാങ്മൂലം നേരത്തെ ഹൈഡൽ ടൂറിസം വിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. പുതിയ വിദഗ്ധ സമിതിയോട് റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ ബോട്ടിങ് സമയം കുറയ്ക്കുക, പരിസ്ഥിതി സൗഹൃദ ഉൗർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടുകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ കോടതി മുന്നോട്ടു വച്ചാൽ അത് നടപ്പാക്കാനും തയാറാണെന്നാണ് ഹൈഡൽ ടൂറിസം അധികൃതർ പറയുന്നത്.