മലയോര ഹൈവേ നിർമാണം; മണ്ണിടിഞ്ഞ് വീടുകൾ അപകടാവസ്ഥയിൽ

Mail This Article
മേരികുളം∙ മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണു നീക്കിയതിനാൽ അവശേഷിക്കുന്ന ഭാഗത്തെ മണ്ണിടിഞ്ഞ് 2 വീടുകൾ അപകടാവസ്ഥയിൽ. തോണിത്തടി മുണ്ടന്താനം ഷാജി, പരപ്പ് കളരിപ്പറമ്പിൽ ഷാജി എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായിരിക്കുന്നത്. മണ്ണ് നീക്കിയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കാനുള്ള നടപടികൾ വൈകുന്നതിനിടെ ശക്തമായി മഴ പെയ്തതോടെ മണ്ണിടിഞ്ഞത്. മുണ്ടന്താനം ഷാജിയുടെ വീടിന്റെ മതിലും മുറ്റവുമെല്ലാം ഇടിഞ്ഞു വീണ നിലയിലാണ്. ഇതിനു സമീപത്തു നിന്നിരുന്ന വൈദ്യുതി തൂണിൽ ബസ് തട്ടിയതിനെ തുടർന്ന് അതും നിലംപതിച്ചു.

ശനിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു അപകടം. ഇതേതുടർന്ന് പ്രദേശത്ത് 3 മണിക്കൂറോളം വൈദ്യുതി പോയി. കളരിപ്പറമ്പിൽ ഷാജിയുടെ വീട്ടിലേക്ക് റോഡിൽനിന്ന് കയറുന്ന വഴിയിലാണ് മണ്ണിഞ്ഞു വീണത്. ഇതോടെ വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം നടക്കുന്നുണ്ടെങ്കിലും വേഗത്തിൽ പൂർത്തിയാക്കാൻ നടപടി ഉണ്ടാകാതെ വന്നതാണ് മണ്ണിടിച്ചിലിനു കാരണമെന്ന് ആക്ഷേപമുണ്ട്.