മൂന്നാറിന് നാണക്കേട്! ;അടിസ്ഥാന സൗകര്യങ്ങളില്ലാതെ മൂന്നാർ കെഎസ്ആർടിസി ഡിപ്പോ

Mail This Article
മൂന്നാർ∙ ദിവസേന ലക്ഷങ്ങളുടെ വരുമാനമുണ്ടായിട്ടും മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ അവസ്ഥയിൽ. വിദേശികളടക്കമുള്ള നൂറുകണക്കിനു യാത്രക്കാരെത്തുന്ന പഴയ മൂന്നാറിലെ ഡിപ്പോയാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമൂലം അവഗണിക്കപ്പെട്ടുകിടക്കുന്നത്. 6 ഷെഡ്യൂളുകളുമായി 1980ൽ ഓപ്പറേറ്റിങ് സെന്ററായി പ്രവർത്തനം ആരംഭിച്ച ഇവിടെനിന്നു നിലവിൽ അന്തർ സംസ്ഥാന സർവീസുകളടക്കം 29 ഷെഡ്യൂളുകളാണ് സർവീസ് നടത്തുന്നത്.
മറ്റു ഡിപ്പോകളിൽനിന്നുള്ള 65 സർവീസുകളാണ് മൂന്നാറിലേക്കുള്ളത്. 150 സ്ഥിരം ജീവനക്കാരും 30 താൽക്കാലിക ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്. എറണാകുളം സോണിലെ മികച്ച വരുമാനമുള്ള ഡിപ്പോയാണിത്. അതേസമയം ചെളി നിറഞ്ഞും മാലിന്യങ്ങൾ കുന്നുകൂടിയും തെരുവുനായ്ക്കൾ നിറഞ്ഞും ശുചിമുറി ടാങ്ക് പൊട്ടിയൊഴുകിയും തെക്കിന്റെ കശ്മീരിലെ കെഎസ്ആർടിസി ഡിപ്പോയുടെ നിലവിലെ അവസ്ഥ പരമദയനീയമാണ്.
ബസ് ടെർമിനൽ
യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ടെർമിനലിനു സമീപം മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഓട്ടം കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്നുള്ള പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ളവയാണ് ഈ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്. ടെർമിനലിനും പഴയ വർക്സ്ഷോപ്പിനും ഇടയിലുള്ള പ്രദേശത്ത് വൻകുഴികൾ രൂപപ്പെട്ട് മഴവെള്ളം കെട്ടിക്കിടക്കുന്നതു കാരണം യാത്രക്കാർക്ക് ഇതുവഴി നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വർക്‌ഷോപ്
ഡിപ്പോയുടെ പരിസരത്താണ് വർക്‌ഷോപ് കെട്ടിടം പ്രവർത്തിക്കുന്നത്. ചെറിയ മഴ പെയ്താൽ പോലും ചെളിക്കുണ്ടായി മാറുന്ന ഇവിടെ കിടന്നും ഇരുന്നുമാണ് ജീവനക്കാർ ബസുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്.
കന്റീൻ
വിദൂര സ്ഥലങ്ങളിൽനിന്നെത്തി ഡിപ്പോയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും സ്ലീപ്പർ കോച്ചിൽ താമസിക്കുന്ന വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കുന്നതിനായി വർഷങ്ങൾക്ക് മുൻപ് നിർമിച്ച കന്റീൻ ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ്. 50,000 രൂപ മാസവാടകയ്ക്ക് സ്വകാര്യ വ്യക്തിയായിരുന്നു കന്റീൻ നടത്തിയിരുന്നത്. എന്നാൽ വകുപ്പുമായുള്ള തർക്കത്തെ തുടർന്ന് ഒരു വർഷമായി അടഞ്ഞുകിടക്കുന്നതു കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് വകുപ്പിനുണ്ടാകുന്നത്.
ശുചിമുറികൾ
സ്ലീപ്പർ കോച്ചിൽ കിടന്നുറങ്ങുന്ന സഞ്ചാരികളും യാത്രക്കാരും ജീവനക്കാരും ഉപയോഗിക്കുന്ന ശുചിമുറികളുടെ ടാങ്ക് മാസങ്ങളായി പൊട്ടി ഒഴുകി ദുർഗന്ധം പരക്കുകയാണ്. ജീവനക്കാരും വിനോദ സഞ്ചാരികളും പരാതികൾ പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. മാലിന്യങ്ങൾ പൊട്ടിയൊഴുകുന്ന ഭാഗത്ത് അധികൃതർ തകരഷീറ്റ് കൊണ്ട് മറച്ചുവച്ചിരിക്കുകയാണ്.
തെരുവുനായ്ക്കൾ
രാത്രിയും പകലുമെന്ന് വ്യത്യാസമില്ലാതെ ഡിപ്പോയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ബുക്കിങ് ഓഫിസ്, ഡിപ്പോ എൻജിനീയറുടെ ഓഫിസ്, ടെർമിനൽ എന്നിവടങ്ങളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ കിടന്നുറങ്ങുന്നത് കാരണം യാത്രക്കാർക്കും മറ്റ് ആവശ്യങ്ങൾക്ക് എത്തുന്നവർക്കും നായ്ക്കൾ ഭീഷണിയായിരിക്കുകയാണ്.