മർദനമേറ്റ് പിതാവിന്റെ മരണം: മകന് 18 വർഷം കഠിനതടവ്

Mail This Article
മുട്ടം ∙ മകന്റെ മർദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ച സംഭവത്തിൽ മകന് 18 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. 20,000 രൂപ പിഴ അടയ്ക്കാത്ത പക്ഷം 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. മുട്ടം തുടങ്ങനാട് നാരകത്തറയിൽ വീട്ടിൽ ഗോപിനാഥൻ (62) മരിച്ച സംഭവത്തിലാണ് മകൻ ഷിജിനെ (34) മുട്ടം ജില്ലാ കോടതി ശിക്ഷിച്ചത്.
2016 ഏപ്രിൽ 7 നാണ് കേസിനാസ്പദമായ സംഭവം. നിരന്തരം അമ്മയെ മർദിക്കുന്നതിലുള്ള വിരോധവും മറ്റൊരു കേസിൽ ജാമ്യം നിൽക്കാത്തതിലുള്ള വിരോധവും മൂലം പിതാവിനെ മർദിച്ച് അവശനാക്കി എന്നാണ് കേസ്. തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപിനാഥൻ 16 ദിവസത്തിനു ശേഷം കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചു.
ഇന്ത്യൻ ശിക്ഷ നിയമം 304 (2),323, 325 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാൽ 10 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി ജി.മഹേഷ് ആണ് ശിക്ഷ വിധിച്ചത്.