മോട്ടർ വാഹന വകുപ്പേ, ഓർമയുണ്ടോ, ഈ ബസ് സ്റ്റാൻഡ്; പ്രവർത്തനം തുടങ്ങാതെ ശാന്തൻപാറ ബസ് സ്റ്റാൻഡ്

Mail This Article
ശാന്തൻപാറ∙ തിരഞ്ഞെടുപ്പു കാലത്ത് മാത്രം അധികൃതർ ഓർമിക്കുകയും അല്ലാത്തപ്പോൾ ബോധപൂർവം മറക്കുകയും ചെയ്യുന്ന ശാന്തൻപാറയിലെ ബസ് സ്റ്റാൻഡിന് പറയാനുള്ളത് 2 പതിറ്റാണ്ടിലധികം കാലത്തെ അവഗണനയുടെ കഥകൾ മാത്രം. രണ്ടായിരത്തിലാണ് ശാന്തൻപാറയിൽ ബസ് സ്റ്റാൻഡ് നിർമിക്കാനായി ദേവികുളം–കുമളി സംസ്ഥാന പാതയിൽ ശാന്തൻപാറ ടൗണിൽനിന്നു 400 മീറ്റർ അകലെ സ്ഥലമേറ്റെടുത്ത് നിർമാണം ആരംഭിച്ചത്. അതിനുശേഷം ഫ്രാൻസിസ് ജോർജ്, പി.ടി.തോമസ് എന്നിവർ എംപിമാരായിരുന്നപ്പോൾ അനുവദിച്ച ഫണ്ടും പഞ്ചായത്തിന്റെ വികസന ഫണ്ടും ഉൾപ്പെടെ 60 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും നിർമിച്ചത്.
കെട്ടിടങ്ങളെല്ലാം സജ്ജമായിട്ടും വൈദ്യുത കണക്‌ഷൻ ലഭിക്കാത്തതിനാൽ ഒരു വർഷത്തിലധികം കാലം ബസ് സ്റ്റാൻഡ് ഉപയോഗശൂന്യമായി കിടന്നു. ഗതാഗത വകുപ്പിന്റെ അനുമതി ലഭിക്കാത്തതും ബസ് സ്റ്റാൻഡ് പ്രവർത്തനമാരംഭിക്കുന്നതിൽ തടസ്സമായി. പഞ്ചായത്തിലെ മുൻ ഭരണസമിതിയുടെ ആവശ്യപ്രകാരം മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി. ഷെൽട്ടറും സൂചനാ സംവിധാനങ്ങളുമാെരുക്കിയാൽ ബസ് സ്റ്റാൻഡ് തുറക്കാമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചതോടെ പഞ്ചായത്ത് അതിനുള്ള സൗകര്യങ്ങളാെരുക്കി. എന്നാൽ മോട്ടർ വാഹന വകുപ്പിൽനിന്നും തുടർ നടപടികളുണ്ടായില്ല.
ജൂണിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി മോട്ടർ വാഹന വകുപ്പിനിന്നു ബസ് സ്റ്റാൻഡ് പ്രവർത്തിക്കാനുള്ള അനുമതി വാങ്ങാൻ തീരുമാനിച്ച് കത്ത് നൽകി. എന്നാൽ മോട്ടർ വാഹന വകുപ്പ് അധികൃതരിൽനിന്ന് ഇതുവരെ നടപടികളാെന്നുമുണ്ടായില്ല. ആർടിഒയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ബസ് സ്റ്റാൻഡിനുള്ള അനുമതി നൽകുമെന്നാണ് അധികൃതരുടെ വാദം.
ശാന്തൻപാറയിൽനിന്ന് ട്രിപ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമായ ബസുകൾ പല ഭാഗത്താണ് നിലവിൽ പാർക്ക് ചെയ്യുന്നത്. സേനാപതി, പൂപ്പാറ, നെടുങ്കണ്ടം ഭാഗത്തേക്കുള്ള ബസുകൾ സ്റ്റാൻഡിൽ കയറിത്തുടങ്ങിയാൽ യാത്രക്കാർക്കും ഏറെ പ്രയോജനകരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.