ഇടുക്കിയിലെ നഴ്സുമാർക്ക് നഴ്സിങ് റജിസ്ട്രേഷന് കടമ്പകളേറെ

Mail This Article
തൊടുപുഴ ∙ നഴ്സിങ് കൗൺസിലിൽ റജിസ്റ്റർ ചെയ്യാനും റജിസ്ട്രേഷൻ പുതുക്കാനും പാടുപെട്ട് ഇടുക്കിയിലെ നഴ്‌സുമാർ. നഴ്സിങ് കൗൺസിലിൽ റജിസ്ട്രേഷൻ നടത്തേണ്ടത് ഓൺ ലൈനിലാണ്. ഇതിനായി അപേക്ഷ ഓൺ ലൈനിൽ സമർപ്പിച്ച് നിശ്ചിത ഫീസ് അടയ്ക്കുമ്പോൾ ഒരു അപേക്ഷ നമ്പർ കംപ്യൂട്ടറിൽ തെളിയും. അതിന്റെ പ്രിന്റ് എടുക്കാൻ കഴിയില്ല.
അപേക്ഷ നമ്പർ കുറിച്ചെടുക്കാൻ കഴിയുന്നതിന് മുൻപ് തന്നെ സൈറ്റിൽ നിന്ന് നമ്പർ പലപ്പോഴും അപ്രത്യക്ഷമാകും. നമ്പർ ഫോണിലോ ഇ മെയിലിലോ വരികയുമില്ല. ഇത് അപേക്ഷകരെ ആകെ ബുദ്ധിമുട്ടിലാക്കുന്നു. ജില്ലയിലെ ഹൈറേഞ്ച് പ്രദേശത്ത് നെറ്റ് കണക്‌ഷൻ സ്ഥിരതയില്ലാത്തിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പരാതി. അപേക്ഷ നമ്പർ അറിയാത്തതിനാൽ അപേക്ഷയുടെയും പണം അടച്ച രസീതിന്റെയും പ്രിന്റ് എടുക്കാൻ കഴിയില്ല.
പിന്നീട് അപേക്ഷ നമ്പർ അറിയണമെങ്കിൽ നഴ്സിങ് കൗൺസിലിൽ വിളിക്കണം. ഇതിനായുള്ള 0471- 277 4100എന്ന നമ്പറിൽ വിളിച്ചാൽ കിട്ടാനും പ്രയാസമാണ്. അപേക്ഷയുടെ പ്രിന്റും സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കോപ്പിയും അയച്ചു കൊടുത്താലേ റജിസ്ട്രേഷൻ പുതുക്കി കിട്ടൂ. ഫീസ് അടച്ചിട്ടും നമ്പർ എഴുതി എടുക്കാൻ കഴിയാത്തവർ കഷ്ടപ്പെടുകയാണ്.
മലയോര ജില്ല ആയ ഇടുക്കി ഉൾപ്പെടെയുള്ള നഴ്‌സുമാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അപേക്ഷ നമ്പർ അറിയാൻ തിരുവനന്തപുരത്തിന് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് പലരും. വിദേശത്തു ജോലി ചെയ്യുന്ന നഴ്സുമാർ നാട്ടിൽ എത്തുന്ന സമയത്താണ് പുതുക്കാൻ ശ്രമിക്കുക അവരും ആകെ പ്രതിസന്ധിയിൽ ആകുകയാണ്.