പുല്ലുപോലെ പുൽമേടുണ്ടാക്കി വനംവകുപ്പ്; മാതൃക പാമ്പാടുംചോല

Mail This Article
വട്ടവട∙ പുൽമേടുകൾ നിർമിക്കുന്ന പദ്ധതി വൻവിജയമായതോടെ പദ്ധതി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ആലോചനയുമായി വനംവകുപ്പ്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ ആനമുടി ചോലയിലെ പഴത്തോട്ടത്ത് അധിനിവേശ വൃക്ഷങ്ങളും സസ്യങ്ങളും ഒഴിവാക്കിയാണ് പുല്ലുകൾ നട്ടുപ്പിടിപ്പിച്ചത്.
2019ലെ കാട്ടുതീയിൽ വട്ടവട പഴത്തോട്ടത്ത് 50 ഹെക്ടറോളം സ്ഥലം കത്തിനശിച്ചിരുന്നു. ഈ സ്ഥലം യുഎൻഡിപി ഫണ്ട് ഉപയോഗിച്ച് പുൽമേടാക്കി മാറ്റുകയായിരുന്നു. ഇതിനായി ഹരിത വസന്തം എന്ന പേരിൽ ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനം. വനവാസികളും പ്രദേശവാസികളുമായ ഇഡിസി അംഗങ്ങളുമാണ് പുൽമേടാക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്.
കത്തിപ്പോയ മരത്തിന്റെ കുറ്റികൾ പിഴുതുമാറ്റിയ ശേഷമാണ് പുല്ല് വച്ചുപിടിപ്പിച്ചത്. ആദ്യ വർഷം 15 ഹെക്ടറും തുടർന്നുള്ള 2 വർഷങ്ങളിൽ 20 ഹെക്ടർ വീതവും പുൽമേടാക്കി മാറ്റാനായി. ആനമുടി ചോലയിൽ അധിനിവേശ സസ്യങ്ങൾ വളർന്നുനിൽക്കുന്ന 350 ഹെക്ടറോളം സ്ഥലം കൂടിയുണ്ട്.
ഏതെങ്കിലും കോർപറേറ്റ് കമ്പനിയുടെ സിഎസ്ആർ ഫണ്ട് പ്രകാരമുള്ള പങ്കാളിത്തം ലഭിച്ചാൽ ബാക്കി പ്രദേശങ്ങളും പുൽമേടുകളാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും അധികൃതർ പറഞ്ഞു. നിലവിൽ പുൽമേടുകളാക്കി മാറ്റിയ സ്ഥലത്ത് ഇക്കോ ടൂറിസം പദ്ധതിയും തുടങ്ങിയിട്ടുണ്ട്.
പൂർണമായും പ്രകൃതിദത്ത രീതിയിൽ നിർമിച്ച ഇവിടെ 4 കുടുംബത്തിന് താമസിക്കാനാവും. ഇതോടൊപ്പം പുൽമേടുകളിലൂടെ 3 മണിക്കൂർ നീളുന്ന പ്രത്യേക ട്രക്കിങ് പരിപാടിയും വനംവകുപ്പ് നടത്തുന്നുണ്ട്. നിലവിലുള്ള പുൽമേടുകളിൽ പലഭാഗത്തും അധിനിവേശ സസ്യങ്ങൾ മുളച്ചുവരുന്നുണ്ടെന്നും ഇതുമാറ്റി പുൽമേട് അതേപടി നിലനിർത്തുന്ന ജോലികളിലാണ് ഇഡിസി അംഗങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഇക്കോ ടൂറിസത്തിൽനിന്ന് ലഭിക്കുന്ന വരുമാനം പുൽമേടിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കുന്നതെന്നും അധികൃതർ പറയുന്നു.
മാതൃക പാമ്പാടുംചോല
മുൻ മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ പി.പ്രസാദിന്റെ നേതൃത്വത്തിൽ പാമ്പാടുംചോല നാഷനൽ പാർക്കിലെ പട്ടിയാങ്കലിൽ പരീക്ഷണ അടിസ്ഥാനത്തിൽ പുൽമേടാക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് പഴത്തോട്ടത്തും പദ്ധതി വനംവകുപ്പ് നടപ്പാക്കിയത്.
കാട്ടാന ശല്യം രൂക്ഷമായ ചിന്നക്കനാലിൽ ഹെക്ടർ കണക്കിന് സ്ഥലത്ത് യൂക്കാലി വളർന്നുനിൽക്കുകയാണ്. ഇതുമാറ്റി ഇവിടങ്ങളിൽ വട്ടവട മോഡലിൽ പുൽമേടുകളാക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യമുന്നയിക്കുന്നുണ്ട്.ഭക്ഷ്യലഭ്യത കുറഞ്ഞതോടെയാണ് ആനകൾ നാട്ടിലിറങ്ങുന്നതെന്നും പ്രദേശവാസികൾ പറയുന്നു.