കട്ടപ്പന കട്ട ഇരുട്ടിൽ; വഴിവിളക്കുകൾ തെളിയുന്നില്ല

Mail This Article
കട്ടപ്പന∙ ഹൈമാസ്റ്റ് ലൈറ്റുകളും വഴിവിളക്കുകളും പ്രവർത്തനരഹിതമായതോടെ ടൗൺ മേഖലയുടെ പല ഭാഗങ്ങളും ഇരുട്ടിൽ. ഗാന്ധി സ്ക്വയറിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് 2 മാസത്തോളമായി. ഡിവൈഎസ്പി ഓഫിസ് എതിർവശത്തുള്ള ലൈറ്റും കത്തുന്നില്ല. പഴയ ബസ് സ്റ്റാൻഡിലെ ലൈറ്റും ഏറെനാളായി തെളിയുന്നില്ല. നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ഒട്ടേറെ വഴിവിളക്കുകളാണ് പ്രകാശിക്കാതെ നോക്കുകുത്തിയായി മാറിയിരിക്കുന്നത്.
നേരമിരുട്ടിയാൽ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് പഴയ ബസ് സ്റ്റാൻഡിലും ഗാന്ധി സ്ക്വയറിലുമെല്ലാം ഉള്ളത്. സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഈ മേഖലകളെല്ലാം ഇരുട്ടിലാകും. മോഷണവും തെരുവ് നായ്ക്കളുടെ ശല്യവുമെല്ലാം വർധിച്ചുവരുന്ന സാഹചര്യത്തിൽ വെളിച്ചംകൂടി ഇല്ലാതായതോടെ ജനം ആശങ്കയിലാണ്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരും പുലർച്ചെ പത്രവിതരണത്തിനായി ടൗണിൽ എത്തുന്ന ഏജന്റുമാരുമെല്ലാം ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.