പാർക്കിങ് തോന്നുംപടി; കുരുക്കോടു കുരുക്ക്
Mail This Article
മൂന്നാർ∙ ടൗണിനു സമീപമുള്ള ജിഎച്ച് റോഡിലെ അനധികൃത പാർക്കിങ്മൂലം ഗതാഗതക്കുരുക്ക് പതിവാകുന്നു. ജിഎച്ച് റോഡിലെ ഐഎൻടിയുസി കെട്ടിടത്തിനു മുൻഭാഗത്തായാണ് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ളവ രാവിലെ മുതൽ പാർക്ക് ചെയ്യുന്നത്.
എസ്റ്റേറ്റ് മേഖലയിൽനിന്ന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യാനെത്തുന്ന ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് രാവിലെ മുതൽ രാത്രി വരെ ഇടുങ്ങിയ പാതയുടെ വശത്ത് പാർക്കു ചെയ്യുന്നത്. ഇതുമൂലം രാജമല ഭാഗത്തുനിന്നു വരുന്ന വലിയ ബസുകളും ലോറികളും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽനിന്നു രോഗികളുമായെത്തുന്ന ആംബുലൻസുകളും ഗതാഗതകുരുക്കിൽപെടുന്നത് പതിവായിരിക്കുകയാണ്.
അനധികൃതമായി പാർക്കു ചെയ്തിരുന്ന ഓട്ടോകൾക്കെതിരെ പൊലീസ് ഒരു മാസം മുൻപ് നടപടിയെടുത്തിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കുശേഷം വീണ്ടും ഓട്ടോകൾ പഴയപടി പാർക്കിങ് തുടങ്ങിയതോടെ ഇവിടെ ഗതാഗതക്കുരുക്കു പതിവായിരിക്കുകയാണ്.