13 പഞ്ചായത്തുകളിൽ നിർമാണത്തിന് കർശനവ്യവസ്ഥ; 100ൽ 35 മാർക്ക് കിട്ടിയാൽ മാത്രം അനുമതി
Mail This Article
രാജകുമാരി∙ നിർമാണ പ്രവർത്തനങ്ങൾക്കു ദുരന്തനിവാരണ നിയമം ബാധകമായ 13 പഞ്ചായത്തുകളിൽ കെട്ടിട നിർമാണത്തിന് അനുമതി (എൻഒസി) നൽകുന്നതിനു കർശനവ്യവസ്ഥകൾ വരുന്നു. ഇതു സംബന്ധിച്ച് സർക്കാർ അഭിഭാഷകൻ കഴിഞ്ഞ 7നു ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ദുരന്തനിവാരണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഹസാഡ് സോണുകളിലുൾപ്പെടെ എൻഒസി നൽകാൻ പാടുള്ളൂവെന്നു 14നു കോടതി നിർദേശിച്ചത്.
റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ചെക്‌ലിസ്റ്റിലെ 100 ചോദ്യങ്ങളിൽ 35 മാർക്ക് ലഭിച്ചാൽ മാത്രമേ കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കൂ. ഹസാഡ് സോണുകളിലുൾപ്പെടെ ജില്ലാ ജിയോളജിസ്റ്റും പഞ്ചായത്ത് എൻജിനീയറും സംയുക്ത പരിശോധന നടത്തിയാണു മാർക്കിടേണ്ടത്. ചെക്‌ലിസ്റ്റ് റവന്യു വകുപ്പ് നടപ്പാക്കിയാൽ, 22 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള ഭൂമിയിലും ഒരു മീറ്ററിലധികം കുത്തനെ മണ്ണെടുത്തിട്ടുള്ള ഭൂമിയിലും നിർമാണത്തിന് നിയന്ത്രണം വന്നേക്കും. നീർച്ചാലുകൾ (തോട്, പുഴ) എന്നിവയുടെ സമീപത്തു നിന്നു 15 മീറ്റർ അകലെ മാത്രമേ നിർമാണം നടത്താനാകൂ. ജൂലൈ 29ന് ആണ് 13 പഞ്ചായത്തുകളിൽ നിർമാണ നിയന്ത്രണമേർപ്പെടുത്തി കലക്ടറുടെ ഉത്തരവിറങ്ങിയത്.
ഭൂപ്രശ്നങ്ങൾ രൂക്ഷമാക്കുമെന്നു കർഷക സംഘടനകൾ
സർക്കാർ അഭിഭാഷകൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലയിലെ ഭൂപ്രശ്നങ്ങൾ രൂക്ഷമാക്കുമെന്നു കർഷക സംഘടനകൾ ആരോപിച്ചു. റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ ഇടുക്കിയിൽ മാത്രമായി നടപ്പാക്കിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. അങ്ങനെയെങ്കിൽ ഭൂപതിവു ചട്ടം പോലെ സംസ്ഥാനത്താകെ ഇതും ബാധകമാക്കേണ്ടി വരും.
ശാന്തൻപാറ, മൂന്നാർ, ചിന്നക്കനാൽ, ഉടുമ്പൻചോല, പള്ളിവാസൽ, ദേവികുളം, വെള്ളത്തൂവൽ, ബൈസൺവാലി, മാങ്കുളം, മറയൂർ, ഇടമലക്കുടി, കാന്തല്ലൂർ, വട്ടവട എന്നീ പഞ്ചായത്തുകളിലാണു നിലവിൽ നിയന്ത്രണം. മണ്ണിടിച്ചിൽ, ഉരുൾപാെട്ടൽ ദുരന്ത സാധ്യതകളുടെ തീവ്രത അനുസരിച്ചാണ് ഭൂപ്രദേശങ്ങളെ 2 സോണുകളായി തിരിച്ചത്. 155 ഹോട്ട് സ്പോട്ടുകൾ (അതീവ ദുരന്തസാധ്യതാ മേഖലകൾ) ഉണ്ടെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ. റെഡ് സോണുകളിൽ ഒരു നില കെട്ടിടം നിർമിക്കാൻ മാത്രമാണ് അനുമതി. ഓറഞ്ച് സോണുകളിൽ 3 നില കെട്ടിടം വരെ നിർമിക്കാം.