എത്ര പേരെ രക്ഷിച്ചതാ; ഈ ആംബുലൻസിനെ രക്ഷിക്കാൻ ആരുമില്ലേ?

Mail This Article
പെരുവന്താനം∙ ഡ്രൈവർക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് പെരുവന്താനം പഞ്ചായത്തിനു ലഭിച്ച ആംബുലൻസ് 2 മാസമായി കട്ടപ്പുറത്ത്. കേന്ദ്ര വെയർഹൗസിങ് കോർപറേഷന്റെ സഹകരണത്തോടെ ഡീൻ കുര്യാക്കോസ് എംപി അനുവദിച്ച ആംബുലൻസാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിൽ മഴയും വെയിലുമേറ്റു കിടക്കുന്നത്. ആദ്യത്തെ രണ്ടു മാസം ആംബുലൻസ് സർവീസ് നടത്തി. എന്നാൽ ഡ്രൈവർ ശമ്പളം നൽകാതെ വന്നതോടെ ആംബുലൻസ് സർവീസ് മുടങ്ങുകയായിരുന്നു. മുൻപ് പെരുവന്താനത്ത് ഉണ്ടായിരുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് താമസ സൗകര്യമില്ലെന്നു പറഞ്ഞു പീരുമേട് പഞ്ചായത്തിനു കൈമാറി.
ഇതോടെയുണ്ടായ പ്രതിസന്ധി പുതിയ ആംബുലൻസ് എത്തിയതോടെ മാറുമെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ ദിവസം വീട്ടമ്മയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് സേവനം തേടിയെങ്കിലും കിട്ടിയില്ലെന്നാണ് പരാതി. പിന്നീട് 108 ആംബുലൻസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മണ്ഡലകാലം തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനു പുറമേ 17 ലക്ഷം രൂപ ചെലവഴിച്ച വാഹനം പഞ്ചായത്തിന്റെ അനാസ്ഥ മൂലം നശിക്കുന്നുവെന്നു പരാതിയുണ്ട്.
മെഡിക്കൽ ഓഫിസർക്ക് കൈമാറി
സർക്കാർ നിർദേശപ്രകാരം ആംബുലൻസ് പെരുവന്താനം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക് കൈമാറി എന്ന് പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ പറഞ്ഞു. ആംബുലൻസ് സർവീസ് ഉറപ്പാക്കേണ്ടതു മെഡിക്കൽ ഓഫിസർ ആണെന്നും ഇവർ പറഞ്ഞു. എന്നാൽ പഞ്ചായത്തിന്റെ അധീനതയിലാണ് ആശുപത്രി എന്നും ഡ്രൈവറുടെ ശമ്പളം നൽകേണ്ടതും ആംബുലൻസിന്റെ അറ്റകുറ്റപ്പണി ചെയ്യേണ്ടതും പഞ്ചായത്ത് ഭരണസമിതിയുടെ ചുമതലയാണെന്ന് ആരോഗ്യ വകുപ്പും വിശദീകരിക്കുന്നു.