പെരിയാർതീരത്ത് മീൻ പിടിക്കാനെത്തിയ മൂന്നംഗസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു
Mail This Article
ഉപ്പുതറ ∙ മീൻ പിടിക്കാനായി പെരിയാർ തീരത്തെത്തിയ മൂന്നംഗസംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു. കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ സുധാകരൻ (പാപ്പി-45) ആണു മരിച്ചത്. ആദിവാസി വിഭാഗത്തിൽപെട്ട സുധാകരനും ബന്ധു സുഭാഷും സുഹൃത്ത് വാദ്യംകാവിൽ ബിജുവും ശനിയാഴ്ച ഉച്ചയോടെയാണു തോണിത്തടി മേഖലയിൽ പെരിയാർ തീരത്തു ചൂണ്ടയിട്ടു മീൻ പിടിക്കാനെത്തിയത്. തുടർന്നു മൂവരും മദ്യപിച്ചു. വൈകിട്ട് അഞ്ചരയോടെ സുധാകരൻ കുളിക്കാനായി പെരിയാറിലേക്ക് ഇറങ്ങിയ സമയത്തു മറ്റു 2 പേരും ഉപ്പുതറയിലെത്തി സ്വകാര്യ ബസിൽ കയറി വീട്ടിലേക്ക് മടങ്ങി.
രാത്രിയായിട്ടും സുധാകരനെ കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണു കുളിക്കാനിറങ്ങിയ വിവരം ഇവർ പറഞ്ഞതെന്നാണു സൂചന. അതോടെ ഇരുവരെയും കൂട്ടി ബന്ധുക്കൾ ഞായറാഴ്ച പുലർച്ചെ മൂന്നോടെ ഉപ്പുതറ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി നടത്തിയ തിരച്ചിലിനൊടുവിൽ പതിനൊന്നോടെയാണു മൃതദേഹം കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.
അതേസമയം, സുധാകരന്റെ ഒപ്പമുണ്ടായിരുന്നവരുടെ മൊഴി പൂർണമായും വിശ്വാസയോഗ്യമല്ലാത്തതിനാൽ പൊലീസ് ചോദ്യംചെയ്തുവരികയാണ്. വാഗമൺ എസ്എച്ച്ഒ കെ.സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരേതനായ തങ്കപ്പന്റെയും കല്യാണിയുടെയും മകനായ സുധാകരൻ അവിവാഹിതനാണ്. സഹോദരങ്ങൾ: ബിജു, ഭാസ്കരൻ, അമ്പിളി.