അറിയില്ലെങ്കിൽ കണ്ടോളൂ, ഇങ്ങനെ വേണം മുന്നറിയിപ്പ് ബോർഡ്
Mail This Article
അടിമാലി∙ ശബരിമല ദർശനത്തിന് ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിലെ അപകട സ്ഥലങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ഉയരുന്നു. വാളറ മുതൽ നേര്യമംഗലം വരെയുള്ള ദൂരത്തിൽ പാതയോരത്ത് പലഭാഗവും ഇടിഞ്ഞിട്ടുണ്ട്.
വീതി കുറഞ്ഞ കൊടും വളവുകളും സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. തമിഴ് നാട്ടിൽനിന്ന് ഒട്ടേറെ വാഹനങ്ങളാണ് അയ്യപ്പ ഭക്തരുമായി ഇതുവഴി കടന്നുപോകുന്നത്. പുലർച്ചെ ദർശനത്തിനായി രാത്രികാലങ്ങളിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്.
ഇത്തരം സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ അപകടസാധ്യത വർധിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാത ഇടിഞ്ഞുകിടക്കുന്ന ഭാഗങ്ങളിൽ മുൾപ്പടർപ്പും കാട്ടുചെടിയും വളർന്നു പന്തലിച്ചു കാഴ്ച മറച്ചുനിൽക്കുന്നതും ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.