സാമൂഹിക വിരുദ്ധർക്ക് ‘പഠിക്കാൻ’ സൗകര്യമൊരുക്കി അധികൃതർ
Mail This Article
മറയൂർ∙ കോവിൽക്കടവിലെ ഐഎച്ച്ആർഡി കോളജ് പ്രവർത്തിച്ചിരുന്ന കെട്ടിടം അനാഥമായതോടെ മദ്യപാനികളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറിയതായി പരാതി. കെട്ടിടത്തിനുള്ളിൽ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
2006ൽ മാർക്കറ്റിനായി നിർമിച്ച കെട്ടിടം 2009ൽ ഐഎച്ച്ആർഡി കോളജ് അനുവദിച്ചതോടെ താൽക്കാലികമായി ഇവിടെ ക്ലാസ് മുറികളും ഓഫിസ് റൂമുമാക്കി മാറ്റി. ഇവിടെ 10 വർഷത്തോളം കോളജ് പ്രവർത്തിച്ചു. പിന്നീട് കാന്തല്ലൂർ മാസിവൈലിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് കോളജ് മാറ്റി. നിലവിൽ കോൺക്രീറ്റ് കെട്ടിടം ചോരുന്നുണ്ട്. കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെട്ടിടം സംരക്ഷിക്കും
കോവിൽകടവിലേക്ക് കോളജ് മാറിയതോടെ ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി കടമുറിയാക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മോഹൻദാസ് പറഞ്ഞു. കഴിഞ്ഞവർഷം ടെൻഡർ എടുക്കാൻ ആളില്ലായിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ റൂഫിങ് ചെയ്യാനും മറ്റ് അറ്റകുറ്റപ്പണി നടത്താനുള്ള ടെൻഡർ നൽകിയിട്ടുണ്ട്.