ചിറകൊടിഞ്ഞ ക്യാംപസ് കിനാവുകൾ!
Mail This Article
തൊടുപുഴ ∙ ഇടുക്കിയിൽ ആർട്സ് കോളജുകളിലെ വികസനത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നില്ലെന്ന് ആരോപണം. മൂന്നാർ, ശാന്തൻപാറ, കട്ടപ്പന എന്നിവിടങ്ങളിലെ കോളജുകളിൽ അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ കുട്ടികൾ വർഷം തോറും കുറയുകയാണ്. ഏറ്റവും വലിയ ജില്ലയായിട്ടും ആകെ 3 കോളജുകളാണ് ആർട്സ് വിഭാഗത്തിൽ ഇവിടെ അനുവദിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസത്തിന് മികച്ച സൗകര്യമില്ലാത്തതിനാൽ ജില്ലയിലെ കുട്ടികൾ ഇപ്പോഴും ഇതരജില്ലയെയും അന്യസംസ്ഥാനത്തെയുമാണ് നിലവിൽ ആശ്രയിക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി സീറ്റ് തരപ്പെടുത്താമെന്നു വാഗ്ദാനം നൽകി വലിയ തട്ടിപ്പാണ് ജില്ലയിൽ നടക്കുന്നത്. ഇതിനെല്ലാം അറുതിയാകാൻ ഇടുക്കി പാക്കേജിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.
തമ്മിൽ ഭേദം കട്ടപ്പന
കോഴ്സ്: ബിരുദം–7,
ബിരുദാനന്തരബിരുദം–4
ആകെ സീറ്റ്: 793
നിലവിൽ പഠിക്കുന്ന
വിദ്യാർഥികൾ: 780
ജില്ലയിലെ മറ്റു കോളജുകളെ അപേക്ഷിച്ച് കട്ടപ്പന ഗവൺമെന്റ് കോളജ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണ്. 7 യുജി കോഴ്സുകളും 4 പിജി കോഴ്സുകളുമാണ് ഇവിടെയുള്ളത്. എല്ലാ സീറ്റുകളിലുമായി 780 വിദ്യാർഥികൾ പഠിക്കുന്നു. ഹ്യുമാനിറ്റീസ് വിഭാഗത്തിനായുള്ള അക്കാദമിക് ബ്ലോക്കിന്റെ നിർമാണം 25 ശതമാനത്തോളം പൂർത്തിയായി. സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ നിർമാണവും നടക്കുകയാണ്. കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് നിർമാണം. കൂടാതെ ഓഡിറ്റോറിയം, മൈതാനം എന്നിവയുടെ നിർമാണത്തിനായും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇവയുടെ നിർമാണം വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
മൂന്നാർ കോളജിനെ രക്ഷിക്കണം
തോട്ടം മേഖല ഉൾപ്പെടുന്ന ദേവികുളം താലൂക്കിലെ വിദ്യാർഥികളുടെ ഉന്നത പഠനത്തിനുള്ള കേന്ദ്രമാണ് മൂന്നാർ ഗവ. കോളജ്. കൊച്ചി-ധനുഷ് കോടി ദേശീയപാതയോരത്തായി ദേവികുളം റോഡിലായിരുന്നു കോളജ് പ്രവർത്തിച്ചിരുന്നത്. കോളജിൽ 606 കുട്ടികൾക്ക് പഠിക്കുന്നതിനുളള സൗകര്യമുണ്ട്. ശരാശരി 525 – 575 വരെ കുട്ടികൾ ഓരോ വർഷവും ഇവിടെ പഠിച്ചിരുന്നു. എന്നാൽ 2018 ഓഗസ്റ്റിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കോളജ് കെട്ടിടങ്ങൾ പൂർണമായി തകർന്നു. ഇതിനു ശേഷം എംജി കോളനിക്കു സമീപമുള്ള ഡിടിപിസിയുടെ ബജറ്റ് ഹോട്ടൽ, എൻജിനീയറിങ് കോളജിലെ വർക്സ് ഷോപ്പ് കെട്ടിടം എന്നിവിടങ്ങളിലെ പരിമിതമായ സൗകര്യങ്ങളിലാണ് പ്രവർത്തിക്കുന്നത്.
കളിസ്ഥലം, ലൈബ്രറി, ോസ്റ്റൽ, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കെട്ടിടങ്ങളിലാണ് കുട്ടികൾ പഠിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും യാത്രാമാർഗവുമില്ല. നിലവിൽ 243 കുട്ടികൾ മാത്രമാണ് ബിരുദ, ബിരുദാനന്തര ക്ലാസുകളിൽ പഠിക്കുന്നത്. അധ്യാപകരും അനധ്യാപകരുമായി 50 ജീവനക്കാരുണ്ട്. താമസ സൗകര്യമുൾപ്പെടെയുള്ളവ ഇല്ലാത്തതിനാൽ ഇവിടേക്ക് നിയമനം ലഭിക്കുന്ന അധ്യാപകരും ജീവനക്കാരും മറ്റു സ്വാധീനങ്ങൾ ഉപയോഗിച്ച് മറ്റുള്ള കോളജുകളിലേക്ക് സ്ഥലം മാറിപ്പോകുന്നതു പതിവാണ്. പുതിയ കോളജ് കെട്ടിടം നിർമിക്കുന്നതിന് സർക്കാർ 25 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്തുന്നതിനുള്ള കാലതാമസം മൂലം കെട്ടിട നിർമാണം നീണ്ടു പോകുകയാണ്.
വികസനം കൊതിച്ച് ശാന്തൻപാറ
കോഴ്സ്: ബിരുദം–3, ബിരുദാനന്തരബിരുദം–1
ആകെ സീറ്റ്: 340
നിലവിൽ പഠിക്കുന്ന വിദ്യാർഥികൾ: 105
ഉന്നത വിദ്യാഭ്യാസ വകുപ്പ് 2018ൽ ശാന്തൻപാറയിൽ അനുവദിച്ച ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ് പൂപ്പാറ പഞ്ചായത്ത് എൽപി സ്കൂളിന്റെ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ബിഎ ഇംഗ്ലിഷ്, ബികോം, ബിഎസ്‌സി കണക്ക് എന്നീ ബിരുദ കോഴ്സുകളും എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ ബിരുദാനന്തര കോഴ്സുമാണ് ശാന്തൻപാറ ഗവ.കോളജിലുള്ളത്. റവന്യു വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് വിട്ടുനൽകിയ മൂന്നരയേക്കർ സ്ഥലത്ത് കോളജ് കെട്ടിടം നിർമിക്കുന്നതിന് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
എന്നാൽ യുജിസി മാനദണ്ഡപ്രകാരം കോളജിന് 5 ഏക്കറിലധികം സ്ഥലം ആവശ്യമാണ്. കോളജിന് അടിസ്ഥാന സൗകര്യമാെരുക്കാനായി സംസ്ഥാന ബജറ്റിലും ഇടുക്കി പാക്കേജിലുമായി 37 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് കോളജ് കെട്ടിടം, ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളാെരുക്കുന്നതിന് 70 കോടി രൂപയെങ്കിലും വേണം.
കായിക വികസനത്തിന് 30 അംഗ സ്പോർട്സ് സെൽ
തൊടുപുഴ ∙ ജില്ലയിലെ കായിക വികസനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 30 അംഗ സ്പോർട്സ് സെൽ രൂപീകരിച്ചു. രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ജില്ലാ കായിക ഉച്ചകോടിയിലാണ് സെൽ രൂപീകരിച്ചത്. ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ഉച്ചകോടി എം.എം.മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജെ.എസ്.ഗോപൻ വിഷയാവതരണം നടത്തി.
ചടങ്ങിൽ കായികതാരങ്ങളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ പ്രസിഡന്റ് എം.ലതീഷ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഡിവൈഎസ്പി കെ.ആർ.ബിജു, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ.എൽ.ജോസഫ്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോസഫ് മാത്യു, ഇടുക്കി സ്പോർട്സ് കൗൺസിൽ എക്സി. അംഗം അനസ് ഇബ്രാഹിം, മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രതിനിധി ജോസ് കുഴികണ്ടം തുടങ്ങിയവർ പങ്കെടുത്തു.
അംഗങ്ങൾ
മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ രക്ഷാധികാരിയായും എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടർ, സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ, ജില്ലയിലെ കായിക അധ്യാപകർ, കായികതാരങ്ങൾ, കായികരംഗത്തെ പ്രമുഖർ എന്നിവർ ഉൾപ്പെട്ട 30 അംഗങ്ങൾ. ഡിസംബർ 31നു മുൻപായി പഞ്ചായത്ത് തല സ്പോർട്സ് സമ്മിറ്റുകൾ പൂർത്തീകരിക്കും.