നിർമാണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു; ചിന്നക്കനാൽ യാത്ര അതികഠിനം
Mail This Article
ചിന്നക്കനാൽ∙ വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിലേക്കുള്ള യാത്ര അതികഠിനം. കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസിന് സമീപത്തുനിന്ന് ചിന്നക്കനാലിലേക്ക് പോകാനുള്ള 3 കിലോമീറ്റർ പ്രധാന റോഡിന്റെ നിർമാണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കുഞ്ചിത്തണ്ണി ആസ്ഥാനമായ സാെസൈറ്റിയാണ് റോഡ് നിർമാണം കരാറെടുത്തിരുന്നത്. എന്നാൽ നിർമാണം പാതി പോലും പൂർത്തിയാക്കിയില്ല.
കരാറുകാർ നിർമാണം ഉപേക്ഷിച്ച അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. മഴ പെയ്തതോടെ റോഡിൽ പല ഭാഗത്തും വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. വെള്ളം നിറഞ്ഞുകിടക്കുന്ന ഇൗ കുഴികളിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. ചിന്നക്കനാൽ റേഷൻ കടയുടെ സമീപത്തെ കലുങ്ക് നിർമാണവും പൂർത്തിയായിട്ടില്ല. കരാറുകാരുടെ അനാസ്ഥയാണ് റോഡ് നിർമാണം വൈകാൻ കാരണമെന്നും കരാർ റദ്ദാക്കി റീടെൻഡർ ചെയ്യണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.