താഴ്ന്നുകിടന്ന സർവീസ് വയറിൽനിന്ന് വിദ്യാർഥിക്ക് ഷോക്ക്; അന്വേഷണത്തിന് ഉത്തരവ്
Mail This Article
പീരുമേട് ∙ സ്കൂൾ പരിസരത്ത് താഴ്ന്നുകിടന്ന സർവീസ് വയറിൽ തട്ടി വിദ്യാർഥിയുടെ കയ്യിൽ പൊള്ളലേറ്റ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനു ഉത്തരവിട്ടു. പാമ്പനാർ ഗവ. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഗിൽബർട്ട് (14) ഷോക്കേറ്റ് നിലത്തു വീണതിനെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) പി.കെ.മണികണ്ഠൻ പീരുമേട് എഇഒക്ക് നിർദേശം നൽകിയത്.
ഇന്ന് സ്കൂളിലെത്തി അന്വേഷണം നടത്തുമെന്ന് എഇഒ കെ.രമേഷ് പറഞ്ഞു. പരുക്കേറ്റ് ഗിൽബർട്ട് ചികിത്സയിലായതിനാൽ ക്ലാസിൽ ഹാജരാകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ശുചിമുറിയിൽ പോകുന്നതിനിടെയാണ് മരത്തിന്റെ കമ്പിൽ കെട്ടിവച്ചിരുന്ന സർവീസ് വയറിൽ നിന്നു വിദ്യാർഥിക്ക് ഷോക്കേറ്റത്. അപകടത്തിനു പിന്നാലെ വൈദ്യുതി ബോർഡ് അധികൃതർ സർവീസ് വയർ ഉയർത്തിക്കെട്ടി മടങ്ങി. എന്നാൽ സ്കൂൾ പരിസരത്തെ സർവീസ് വയർ ഇപ്പോഴും നിയമപ്രകാരം വേണ്ടത്ര ഉയരത്തിലൂടെയല്ല കടന്നുപോകുന്നതെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു.