മാലിന്യ ടാങ്ക് ഇല്ലാതെ ശുചിമുറി കോംപ്ലക്സ്; പ്രതിഷേധത്തെ തുടർന്ന് കെട്ടിടം പൂട്ടി
Mail This Article
അടിമാലി∙ കൊന്നത്തടി പഞ്ചായത്തിലെ വിമലാ സിറ്റിയിൽ ടേക് എ ബ്രേക് പദ്ധതിയിൽ അടുത്ത നാളിൽ നിർമാണം പൂർത്തിയാക്കിയ ശുചിമുറി കോംപ്ലക്സിന് മാലിന്യ ടാങ്ക് ഇല്ല. പൈപ്പിലൂടെ മാലിന്യം പുറത്തേക്ക് ഒഴുകിയതോടെ പ്രദേശത്ത് ദുർഗന്ധം നിറഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെട്ടിടം അടച്ചുപൂട്ടി. ഒരു പതിറ്റാണ്ടു മുൻപാണ് 2 നിലകളിലായി ശുചിമുറി കോംപ്ലക്സിന്റെ നിർമാണം ആരംഭിച്ചത്. വിവിധ ഘട്ടങ്ങളിലായി 8 ലക്ഷത്തോളം രൂപ മുടക്കിയെങ്കിലും പണികൾ പൂർത്തീകരിച്ച് തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ താഴത്തെ നിലയിൽ ആരോഗ്യ വകുപ്പ് സബ് സെന്റർ, എഡിഎസ് ഓഫിസ് എന്നിവ പ്രവർത്തനം ആരംഭിച്ചു. ശുചിമുറിയും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അടുത്തിടെ 3 ലക്ഷത്തോളം മുടക്കി പണികൾ പൂർത്തീകരിച്ച് ഉദ്ഘാടനം നടന്നത്.
ഇതിനു പിന്നാലെ പ്രദേശത്ത് ദുർഗന്ധം വ്യാപിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽനിന്നുള്ള പൈപ്പുകൾ ടാങ്ക് ഇല്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇവിടെനിന്ന് ഒഴുകുന്ന മാലിന്യങ്ങൾ മുതിരപ്പുഴ ആറ്റിലേക്കാണ് എത്തിയിരുന്നതെന്നും കണ്ടെത്തി. പ്രശ്നം സങ്കീർണമായതോടെ പഞ്ചായത്ത് അധികൃതർ എത്തി ശുചിമുറി അടച്ചു പൂട്ടി.
വർഷങ്ങൾക്കു മുൻപ് കെട്ടിടം നിർമിക്കുമ്പോൾ മാലിന്യ ടാങ്ക് ഉണ്ടായിരുന്നുവെന്നും 2019ലെ പ്രളയത്തിൽ ഇത് തകർന്നതാകാം എന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. വൈകാതെ ടാങ്ക് നിർമിച്ച് ശുചിമുറി കോംപ്ലക്സിന്റെ പ്രവർത്തനം കുറ്റമറ്റതാക്കാൻ നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് ടി.പി.മൽക്ക പറഞ്ഞു.