ADVERTISEMENT

രാജകുമാരി∙ ചിന്നക്കനാലിലെ റിസർവ് വനം വിജ്ഞാപനം മരവിപ്പിച്ചത് കാെണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന ഭീതിയിൽ ഹൈറേഞ്ച്. വിജ്ഞാപനം റദ്ദു ചെയ്യുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ സർക്കാർ നിലപാട് തൽക്കാലം നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധത്തിൽ നിന്ന് തലയൂരാനാണെന്നും കർഷക സംഘടനകളും പറയുന്നു. പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം. കേന്ദ്ര സർക്കാർ അടുത്തയിടെ 1980 ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പാസാക്കിയ വനസംരക്ഷണ നിയമ ഭേദഗതി പ്രകാരം 1996 ഡിസംബർ 12 ന് മുൻപ് വനേതര ആവശ്യങ്ങൾക്ക് മാറ്റിയ വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ പെടില്ല. നിയമ ഭേദഗതിക്ക് മുൻപ് ചിന്നക്കനാലിൽ 354.89 ഹെക്ടർ ഭൂമി റിസർവ് വനമാക്കാൻ നീക്കം നടന്നത് വനംവകുപ്പിന്റെ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ട്. 

വിജ്ഞാപനം റദ്ദു ചെയ്യാതെ മരവിപ്പിച്ചതിനു പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. മരവിപ്പിക്കുന്ന വിജ്ഞാപനം എപ്പോൾ വേണമെങ്കിലും പുനഃസ്ഥാപിക്കാൻ സർക്കാരിന് കഴിയുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. വിജ്ഞാപനത്തിനെതിരെ ആരും കോടതിയെ സമീപിക്കാതിരിക്കാനുള്ള ബുദ്ധിപൂർവമുള്ള ഇടപെടലാണിതെന്നും ആരോപണമുണ്ട്. വിജ്ഞാപനം മരവിപ്പിച്ച സാഹചര്യത്തിൽ വിജ്ഞാപനത്തിനെതിരെ ആരും കോടതിയെ സമീപിക്കാൻ സാധ്യതയില്ല. ഇൗ സാഹചര്യം മുതലെടുത്ത് പിന്നീട് വിജ്ഞാപനം പ്രാബല്യത്തിലാക്കാനും സാധ്യതയുണ്ട്. 

റവന്യു വകുപ്പിനും പങ്കെന്ന് ആരോപണം
2020 ൽ എച്ച്എൻഎല്ലിന്റെ പാട്ടക്കാലാവധി അവസാനിച്ച ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34–1, 20–1, 197 എന്നിവയിലുൾപ്പെടുന്ന 296.28 ഹെക്ടർ ഭൂമിയുടെ അവകാശം വനം വകുപ്പിനല്ലെന്ന് നേരത്തെ റവന്യു വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാട്ടക്കാലാവധി അവസാനിച്ച ഭൂമിയുൾപ്പെടെ റിസർവ് വനമാക്കണമെന്നാവശ്യപ്പെട്ട് ഇതേ കാലയളവിൽ വനംവകുപ്പ് സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇൗ സ്ഥലങ്ങളിൽ വനം വകുപ്പ് ജണ്ട സ്ഥാപിച്ചത്. റവന്യു വകുപ്പ് അറിയാതെ പാട്ടക്കാലാവധി അവസാനിച്ച ഭൂമി റിസർവ് വനമാക്കി മാറ്റാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. ചിന്നക്കനാൽ വില്ലേജിൽ ആയിരക്കണക്കിന് കർഷകർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. പട്ടയമില്ലാത്ത ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്നവരെ റിസർവ് വനത്തിനായി ഒഴിപ്പിക്കേണ്ടി വന്നാൽ പോലും നഷ്ടപരിഹാരം നൽകേണ്ടതില്ല. ചിന്നക്കനാലിൽ സംരക്ഷിത വനം സ്ഥാപിച്ചാൽ അനധികൃത ഭൂമി കയ്യേറ്റം തടയാനാകുമെന്ന വിലയിരുത്തലിൽ പുതിയ റിസർവ് വനത്തിന്റെ വിജ്ഞാപനത്തിന് റവന്യു വകുപ്പും ഒത്താശ ചെയ്തുവെന്നാണ് ചില ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com