നവകേരള സദസ്സ്: പരാതി സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ
Mail This Article
ചെറുതോണി ∙ ജില്ലയിൽ 10ന് ആരംഭിക്കുന്ന നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്നു പരാതികൾ സ്വീകരിക്കുന്നതിനു ജില്ലാ ഭരണകൂടം വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. നവകേരള സദസ്സ് ആരംഭിക്കുന്നതിനു 3 മണിക്കൂർ മുൻപ് അതത് മണ്ഡലങ്ങളിൽ പൊതുജനങ്ങളിൽ നിന്നു പരാതികൾ സ്വീകരിച്ചു തുടങ്ങും. അപേക്ഷകളിൽ സമയബന്ധിത നടപടി ഉറപ്പാക്കുന്നതിനാണ് ഇപ്രകാരം ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കലക്ടർ ഷീബ ജോർജ് പറഞ്ഞു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിർദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്.
പരാതികൾ സ്വീകരിക്കുന്നതിനു പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത്. പരിപാടികൾ ആരംഭിക്കുന്നതിനു മുൻപും ശേഷവും പൊതുജനങ്ങളിൽ നിന്നു പരാതികൾ സ്വീകരിക്കും. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കു പ്രത്യേക കൗണ്ടർ സൗകര്യം ഏർപ്പെടുത്തും. പരാതികളിൽ പൂർണമായ വിലാസവും മൊബൈൽ നമ്പറും നിർബന്ധമായി നൽകണം. മുഴുവൻ പരാതികളും സ്വീകരിച്ചതിനു ശേഷം മാത്രമേ കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കുകയുള്ളൂവെന്നും കലക്ടർ പറഞ്ഞു.