ഒരു ഡിവൈഡർ സ്ഥാപിക്കാൻ ഇത്രയും ബുദ്ധിമുട്ടോ?

Mail This Article
രാജാക്കാട്∙ മുല്ലക്കാനം ജംക്‌ഷനിൽ അപകടങ്ങൾ പതിവായിട്ടും ഡിവൈഡർ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു. പ്രശ്ന പരിഹാരം വൈകുന്നതിനാൽ വ്യാപാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഭീമ ഹർജി തയാറാക്കി പാെതുമരാമത്ത് മന്ത്രിക്ക് അയച്ചു.
ചെമ്മണ്ണാർ–ഗ്യാപ് റോഡ്, ഉടുമ്പൻചോല–രണ്ടാംമൈൽ റോഡ്, എല്ലക്കൽ–മുല്ലക്കാനം റോഡ്, രാജാക്കാട്–മുല്ലക്കാനം റോഡ്, മുല്ലക്കാനം ആശുപത്രി റോഡ് എന്നിവ സംഗമിക്കുന്ന മുല്ലക്കാനം ജംക്‌ഷനിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഡിവൈഡറോ സിഗ്നൽ ബോർഡോ ഇല്ലാത്തതിനാൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.
മൂന്നാർ, ആനച്ചാൽ, ബൈസൺവാലി ഭാഗത്തുനിന്നു ജോസ്ഗിരി റോഡിലൂടെ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളാണ് ഇതിൽ കൂടുതലും.