സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമിച്ച സർക്കാർ ഭൂമി ഒഴിപ്പിച്ചു

Mail This Article
കട്ടപ്പന ∙ കല്യാണത്തണ്ടിൽ സ്വകാര്യ വ്യക്തി കയ്യേറി കെട്ടിടം നിർമിച്ച സർക്കാർ ഭൂമി കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിച്ചു. വെള്ളയാംകുടി സ്വദേശി ജോബി ജോർജ് കൈവശം വച്ചിരുന്ന 35 സെന്റിലെ കെട്ടിടം പൊളിച്ചുനീക്കിയാണ് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തത്. ബേസിക് ടാക്സ് റജിസ്റ്ററിലും ലാൻഡ് റജിസ്റ്ററിലും സർക്കാർ വകയെന്നു രേഖപ്പെടുത്തിയിട്ടുള്ള ഭൂമി തിരികെപ്പിടിക്കാൻ 2018ൽ റവന്യു സംഘം സ്ഥലത്ത് എത്തുകയും അതെത്തുടർന്ന് ജോബി റവന്യു വകുപ്പിനെതിരെ കട്ടപ്പന മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയുമായിരുന്നു.
2 മുറിയും അടുക്കളയുമായി ഹോം സ്റ്റേ മാതൃകയിലുള്ള കെട്ടിടമാണ് ഈ സ്ഥലത്ത് നിർമിച്ചിരുന്നത്. വർഷങ്ങളായി തന്റെ കൈവശത്തിലുള്ള ഭൂമിയാണെന്നും മുൻഗാമി 1974 മുതൽ ഭൂമി കൈവശം വച്ചിരിക്കുന്നതാണെന്നും ജോബി വാദിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി കേസ് തള്ളുകയായിരുന്നു.
ഇതെത്തുടർന്ന് ഇടുക്കി ഭൂരേഖാ തഹസിൽദാർ മിനി കെ.ജോണിന്റെയും കട്ടപ്പന വില്ലേജ് ഓഫിസറുടെയും ഇടുക്കി താലൂക്കിലെ പ്രത്യേക സംഘത്തിന്റെയും നേതൃത്വത്തിലുള്ള റവന്യു സംഘം മണ്ണുമാന്തി യന്ത്രവുമായെത്തി കെട്ടിടം പൊളിച്ചുനീക്കി. തുടർന്ന് സർക്കാർ വക ഭൂമിയാണെന്ന് വ്യക്തമാക്കി ബോർഡും സ്ഥാപിച്ചു. സർക്കാരിനുവേണ്ടി ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ കെ.ആർ.പ്രതാപനാണ് കോടതിയിൽ ഹാജരായത്.