അനങ്ങാപ്പാറയായി അധികൃതർ; പാറക്കല്ലുകൾ റോഡിൽ തന്നെ

Mail This Article
മറയൂർ∙ മറയൂർ – ചിന്നാർ സംസ്ഥാനാന്തര പാതയിൽ മഴക്കാലത്തുണ്ടായ മണ്ണിടിച്ചിലിൽ റോഡിലേക്കു വീണ കൂറ്റൻ പാറക്കല്ലുകൾ മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്യാതെ അധികൃതർ. മറയൂരിനും ചിന്നാറിനും ഇടയിൽ 14 കിലോമീറ്റർ ദൂരത്തിനുള്ളിൽ 4 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞ് റോഡിന്റെ വശങ്ങളിൽ കൂറ്റൻ പാറക്കല്ലുകൾ വീണു കിടക്കുന്നത്. ഈ പാറക്കല്ലുകൾ വീണിട്ട് മാസങ്ങൾ ആയെങ്കിലും ഇതുവരെയും മാറ്റാൻ നടപടി സ്വീകരിച്ചിട്ടില്ല. കൂടാതെ റോഡ് പൊട്ടിപ്പോളിഞ്ഞ നിലയിലും വശങ്ങളിൽ പൊന്തക്കാടുകൾ വളർന്ന നിലയിലുമാണ്.
തമിഴ്നാട്ടിൽനിന്നും മറ്റു ജില്ലകളിൽനിന്നും ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് ഇതുവഴി എത്തുന്നത് ഇത് സംസ്ഥാനാന്തര പാതയാണെങ്കിലും പലഭാഗങ്ങളിലും പഞ്ചായത്ത് റോഡിന്റെ വീതി മാത്രമാണുള്ളത്. മലഞ്ചെരുവിലൂടെ കടന്നുപോകുന്ന പാതയായതിനാൽ ഒരു വശം കൊക്കയുമാണ്. ഈ സാഹചര്യത്തിൽ കൂറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്ത് അപകടമൊഴിവാക്കിയാൽ ഒരു പരിധിവരെ സുഖകരമായി യാത്ര ചെയ്യാൻ കഴിയും എന്നാണ് യാത്രക്കാർ പറയുന്നത്.