ADVERTISEMENT

അടിമാലി∙ കുളമാൻകുഴി ആദിവാസി സങ്കേതത്തിൽ നിന്നുള്ള വയോധിക ദമ്പതികൾ നടത്തുന്ന അടിമാലി അമ്പലപ്പടിയിലെ പെട്ടിക്കടയ്ക്കു മുന്നിൽ ദയാവധത്തിന് തയാറെന്ന ബോർഡ് സ്ഥാപിച്ചത് ദൈനംദിന ജീവിതം മുന്നോട്ടു പോകാൻ കഴിയാത്തതിനാലെന്ന് ശിവദാസൻ– ഓമന വയോധിക ദമ്പതികൾ. കുളമാൻകുഴി ആദിവാസി സെറ്റിൽമെന്റിൽ ഒരേക്കർ സ്ഥലം ഇവർക്ക് സ്വന്തമായുണ്ട്. മകനും മകളും ഉൾപ്പെടുന്നതാണ് കുടുംബം. മകൾ വിധവയാണ്. മകന് ഭാര്യയും 2 മക്കളുമുണ്ട്. കൃഷി സ്ഥലത്തു നിന്ന് ലഭിച്ചിരുന്ന വരുമാനം, കൂലി പണി എന്നിവ കൊണ്ട് പട്ടിണിയില്ലാതെ കുടുംബം പുലർത്താൻ ശിവദാസന് കഴിഞ്ഞിരുന്നു.  കാലിലെ വൈകല്യം വകവയ്ക്കാതെ  ഓമനയും സഹായിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ശല്യമാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയത്. കൃഷി ദേഹണ്ഡങ്ങളെല്ലാം വന്യമൃഗങ്ങൾ നശിപ്പിച്ചതോടെയാണ് വൈകല്യമുള്ള ഭാര്യയുമായി ശിവദാസൻ അടിമാലിയിൽ എത്തി അമ്പലപ്പടിയിൽ എസ്ടി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹായത്തോടെ പെട്ടിക്കട ആരംഭിച്ചത്. ഓമനയാണ് കടയിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ശിവദാസൻ കൂലിപ്പണിക്ക് പോകും. ഇതോടൊപ്പം ഇരുവരുടെയും പെൻഷൻ കൂടി ഉണ്ടായിരുന്നതു കൊണ്ട് പട്ടിണിയില്ലാതെ കുടുംബം മുന്നോട്ടു പോയി. എന്നാൽ പെൻഷൻ മുടങ്ങിയതോടൊപ്പം ഓമനയുടെയും ശിവദാസിന്റെയും ചികിത്സയ്ക്കു കൂടി പണം കണ്ടെത്തേണ്ടി വന്ന സാഹചര്യമാണ് കുടുംബത്തെ ദുരിതത്തിലാക്കിയത്. 

കുളമാൻകുഴി കാട്ടാന ശല്യം ഇപ്പോഴും രൂക്ഷം
വന്യമൃഗ ശല്യം രൂക്ഷമായ കുളമാൻകുഴിയിലെ സ്ഥലത്തുള്ള വീട്ടിൽ മകൻ മനോജാണ് ഇപ്പോൾ താമസിക്കുന്നത്. കാട്ടാന കൃഷിയിടത്തിൽ എത്തുന്നതോടെ കൃഷി നാശത്തിലായി. കഴിഞ്ഞ ദിവസം എത്തിയ കാട്ടാനക്കൂട്ടം വീട്ടിലേക്കുള്ള ശുദ്ധജല പൈപ്പുകളും ടാങ്കും നശിപ്പിച്ചു. വന്യമൃഗ ശല്യം ഇത്രയേറെ രൂക്ഷമായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാൻ കൂട്ടാക്കാത്തത് പ്രതിഷേധത്തിനിടയാക്കി.

മറിയക്കുട്ടി, അന്ന, പൊന്നമ്മ  പിന്നെ ആദിവാസി ദമ്പതികളും
2023 നവംബർ 7നാണ് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മരുന്നു വാങ്ങാൻ പോലും പണം ഇല്ലാതെ വന്ന ഇരുന്നൂറേക്കർ പൊന്നടുത്തുപാറയിൽ മറിയക്കുട്ടി (78), പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന (73) എന്നിവർ ചട്ടിയുമായി ഭിക്ഷയാചിക്കാൻ ഇറങ്ങിയത്. ഇത് വൻ വിവാദത്തിന് വഴി തെളിച്ചിരുന്നു. എല്ലാവർക്കും കുടിശിക തീർത്ത് പെൻഷൻ നൽകണം എന്നാവശ്യപ്പെട്ട് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് 3 മാസം പിന്നിടുമ്പോൾ ക്ഷേമ പെൻഷനും വികലാംഗ പെൻഷനും ലഭിക്കാത്തതിനെ തുടർന്ന് വയോധികരായ കുളമാൻകുഴി വാളിപ്ലാക്കൽ ശിവദാസനും വൈകല്യമുള്ള ഭാര്യ ഓമനയും ദയാവധത്തിന് തയാറാണെന്ന പരസ്യ ബോർഡ് അടിമാലിയിലെ പെട്ടിക്കടയിൽ സ്ഥാപിച്ച് പെൻഷനു വേണ്ടിയുള്ള വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. വണ്ടിപ്പെരിയാർ എച്ച്പിസി പുറമ്പോക്ക് കോളനിയിലെ പൊന്നമ്മയും (90) പെൻഷൻ കിട്ടാത്തതിനാൽ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ചിരുന്നു.  ജില്ലയിൽ നിന്ന് 5 പേരാണ് പെൻഷൻ കിട്ടാതെ പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com