ADVERTISEMENT

ചെറുതോണി ∙ ജില്ലയിൽ കർഷകരുടെ കൈത്താങ്ങായിരുന്ന കൊക്കോയ്ക്കു വീണ്ടും മികച്ച വില. ഉൽപാദനം ഗണ്യമായി കുറഞ്ഞതാണു വില സർവകാല റെക്കോർഡിൽ എത്താൻ കാരണം. രോഗ കീടബാധകളും വിലയിടിവും തുടർച്ചയായതോടെ അടുത്ത കാലത്തു വരെ പുരയിടങ്ങളിൽ നിന്നു കൂട്ടത്തോടെ വെട്ടി മാറ്റിയിരുന്ന കൊക്കോയാണ് ഇപ്പോൾ കൃഷിയിടങ്ങളിൽ താരം. വിലനിലവാരം ഭേദപ്പെട്ട നിലയിലായതോടെ ഹൈറേഞ്ചിലെ തോട്ടങ്ങളിൽ തനി വിളയായും ഇടവിളയായും കൊക്കോ ചെടികൾ വ്യാപകമായി നട്ടു പിടിപ്പിക്കുന്നതിനു കർഷകർ ആരംഭിച്ചു. കുറഞ്ഞ പരിപാലന ചെലവ് മാത്രം മതിയെന്നതാണ് ഈ വിളയെ ആകർഷകമാക്കുന്നത്. ഒരു കിലോ ഉണങ്ങിയ കൊക്കോ പരിപ്പിനു 365 രൂപയിലധികം വില കിട്ടും.

പച്ചക്കുരുവിനു 150 രൂപ വരെ വിലയുണ്ട്. പഴയ കാലത്തെ നാടൻ കൊക്കോ ചെടികൾ ഇപ്പോൾ തൊടികളിലെങ്ങുമില്ല.  മികച്ച വിളവ് നൽകുന്ന ഹൈബ്രിഡ് തൈകളാണ് എല്ലാ മേഖലകളിലും നട്ടു വളർത്തുന്നത്. വിലത്തകർച്ച കൊടുംപിരി കൊണ്ടതോടെ ഇത്തരം തൈകളും വെട്ടിമാറ്റാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു. എന്നാൽ ഇപ്പോൾ വെട്ടിമാറ്റിയ തോട്ടങ്ങളിൽ പുതുക്കൃഷിക്കു കർഷകർ ഒരുങ്ങുകയാണ്. ഹൈബ്രിഡ് കൊക്കോ തൈകൾ ശിഖരങ്ങളായി പന്തലിക്കുകയാണു പതിവ്. പുറം തോടിനു കനം തീർത്തും കുറവായതിനാൽ ഉള്ളിൽ നിറയെ പരിപ്പ് കാണും.

മഴക്കാലത്ത് അടിവളമായി നേർപ്പിച്ച ചാണകം നൽകാം. 
രാസവള പ്രയോഗവും ചെറുതായി നടത്താം. കൃത്യസമയത്ത് പ്രൂണിങ് നടത്തണം. അധികമായുണ്ടാവുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റി തായ്ത്തടിയിൽ സൂര്യപ്രകാശം കിട്ടുന്നതിനു പ്രൂണിങ് പ്രയോജനകരമാണ്. അതേസമയം അഴുകൽ രോഗവും മഞ്ഞളിപ്പുമെല്ലാം കൃഷിക്കു ഭീഷണി ഉയർത്തുന്നു. എലി, അണ്ണാൻ, മരപ്പട്ടി തുടങ്ങിയവ കായകൾ തിന്നു നശിപ്പിക്കുന്നതും വ്യാപകമാണ്.  ഇവയെ തുരത്താൻ സ്വയം മാർഗങ്ങൾ കണ്ടെത്തുകയേ വഴിയുള്ളൂ. വരും വർഷങ്ങളിലും ഉയർന്ന വില കിട്ടുമെന്നാണു വിപണിയിൽ നിന്നുള്ള സൂചന. വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ വളപ്രയോഗത്തിന്റെ കൂടുതൽ മാർഗങ്ങൾ കർഷകർക്കു മനസ്സിലാക്കി കൊടുക്കാൻ കൃഷി വകുപ്പ് മുന്നോട്ടു വരണമെന്നു വാഴത്തോപ്പ് സ്വദേശിയായ കൊക്കോ കർഷകൻ സി.വി.തോമസ് ചാലപ്പാട്ട് പറയുന്നു.

1980 കാലഘട്ടങ്ങളിലാണു ഹൈറേഞ്ചിന്റെ മണ്ണിൽ കൊക്കോയ്ക്കു ഇടം ലഭിക്കുന്നത്. അതുവരെ തൊടികളിൽ കൗതുകത്തിനു വളർത്തുന്ന ഒരു പഴവർഗമായാണ് ഇതിനെ കണക്കാക്കി പോന്നത്. എന്നാൽ ചോക്ലേറ്റ് ഉൾപ്പെടെയുള്ള ബേക്കറി വിഭവങ്ങളിൽ ഇടം പിടിച്ചതോടെ മികച്ച കാർഷിക വിളയായി കൊക്കോ പരിണമിച്ചു. തുടർന്നിങ്ങോട്ടു ഹൈറേഞ്ചിൽ പഞ്ഞമാസക്കാലങ്ങളിൽ കർഷകരെ അന്നമൂട്ടിയിരുന്നതു കൊക്കോയായിരുന്നു. ലോറേഞ്ചിനെക്കാൾ ഉൽപാദനം കൂടുതൽ ലഭിക്കുന്നത് ഹൈറേഞ്ചിൽ തന്നെയാണ്. കാലാവസ്ഥ അനുകൂലമായതിനാൽ ഇവിടെ വിളവും കൂടുതലുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com