ബൈക്ക് മോഷണ കേസിൽ പിടിക്കപ്പെട്ട സംഘത്തിൽ നിന്ന് രക്ഷപെട്ട പ്രതി ലോറി ഡ്രൈവറെ ആക്രമിച്ച് രക്ഷപെട്ടു

Mail This Article
തൊടുപുഴ ∙ ബൈക്ക് മോഷണ കേസിൽ പിടിക്കപ്പെട്ട സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് തടിലോറിയിൽ ലിഫ്റ്റ് ചോദിച്ച് കയറി ഡ്രൈവറെ ആക്രമിച്ച് രക്ഷപ്പെട്ടു. വണ്ണപ്പുറം ടൗണിൽ നിന്നാണ് ആദ്യം ബൈക്ക് മോഷണം പോയതായി പൊലീസിനും നാട്ടുകാർക്കും വിവരം ലഭിക്കുന്നത്. തുടർന്ന് സമൂഹ മാധ്യമത്തിലൂടെ വിവരങ്ങൾ കൈമാറി ഇവരെ ഇടുക്കി ചുരുളിയിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. പിടിക്കപ്പെട്ടത് 2 കൗമാരക്കാരായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രധാന ബൈക്ക് മോഷ്ടാവ് മാക്സ് (18) രക്ഷപ്പെട്ടു. തുടർന്ന് രക്ഷപ്പെട്ട പ്രതി ഇടുക്കി കീരിത്തോട്ടിൽ വച്ച് ലോറി ഡ്രൈവറെയും തടി വ്യാപാരിയെയും കുത്തി ഗുരുതരമായി പരുക്കേൽപിച്ചു. പാലാ ഭാഗത്ത് നേരത്തെ അനാഥാലയത്തിൽ വളർന്നവരാണ് പ്രതിയും പിടിയിലായ കൗമാരക്കാരുമെന്ന് പൊലീസ് പറയുന്നു.
ബൈക്ക് മോഷണം വ്യാഴം രാവിലെ
വ്യഴാഴ്ച രാവിലെ 7.10ന് വണ്ണപ്പുറം ടൗണിലെ ജിംനേഷ്യത്തിൽ എത്തിയ പ്രദേശവാസി ഷിനാജിന്റെ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവ് ഇടുക്കി കഞ്ഞിക്കുഴി വട്ടോംപാറ വഴി ബൈക്കുമായി പോകുന്നത് കണ്ടു. തുടർന്ന് 3 പേരുമായി പോകുന്ന ബൈക്കിന്റെ വിവരം കൈമാറുകയും ചെയ്തു. ഇടുക്കി ചുരുളിയിൽ വച്ച് സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞ് നിർത്തി കഞ്ഞിക്കുഴി പൊലീസിൽ അറിയിക്കുകയുമായിരുന്നു. കൗമാരക്കാരെയും ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ അവർ നിരപരാധികളാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ കണ്ടപ്പോൾ യഥാർഥ പ്രതി ഇറങ്ങിയോടിയത്രേ.
വ്യാഴം രാത്രി ഡ്രൈവർമാർക്ക് കുത്തേറ്റു
ഇതിനിടെ ഇടുക്കി കീരിത്തോട്ടിൽ വ്യാഴം രാത്രി 11നു എത്തിയ ബൈക്ക് മോഷണ കേസിലെ പ്രതി ലോറി ഡ്രൈവറെയും തടി വ്യാപാരിയെയും കുത്തി പരുക്കേൽപിച്ച ശേഷം ഓട്ടോറിക്ഷയുമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ ഇടുക്കി കാൽവരി മൗണ്ട് സ്വദേശി മറ്റപ്പിള്ളി ബിജു (52) തടി വ്യാപാരി വലിയതോവാള സ്വദേശി കൂട്ടനാനിക്കൽ ടോമി (54) എന്നിവർക്കാണു പരുക്കേറ്റത്. ആക്രമണത്തിൽ ബിജുവിന്റെ കയ്യിൽ ഒന്നിലേറെ വെട്ടേറ്റിട്ടുണ്ട്. ടോമിയുടെ രണ്ടു കൈവിരലുകൾ അറ്റുപോയി. ഗുരുതരമായ പരുക്കേറ്റ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ണപ്പുറം ഭാഗത്തുനിന്നും ബൈക്കു മോഷ്ടിച്ച കേസിലെ പ്രതിയായ ഒരാൾ വൈകിട്ട് ചേലച്ചുവട്ടിൽ എത്തിയതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ കഞ്ഞിക്കുഴി പൊലീസ് തിരയുന്നതിനിടെയാണ് സംഭവം.
ഇരട്ടയാറിൽ നിന്ന് തടി കയറ്റി വന്ന ലോറി ഇടുക്കി – നേര്യമംഗലം റോഡിൽ ചേലച്ചുവട് കട്ടിങ്ങിൽ എത്തിയപ്പോൾ അക്രമി കൈ കാണിക്കുകയായിരുന്നു. വാഹനത്തിൽ കയറിയ ഇയാൾ പൊലീസ് തിരയുന്ന പ്രതിയാണന്നു മനസ്സിലാക്കിയ ഡ്രൈവറും തടി വ്യാപാരിയും കീരിത്തോട്ടിൽ എത്തിയപ്പോൾ ലോറി നിർത്തി നാട്ടുകാരെ അറിയിക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡ്രൈവർ ബിജുവിനെയും, തടസ്സം പിടിക്കാൻ ശ്രമിച്ച തടിയുടമ ടോമിയെയും വെട്ടി പരുക്കേൽപിച്ച ശേഷം ഇറങ്ങി ഓടി ഓടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരുക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓടി രക്ഷപ്പെട്ട മോഷ്ടാവ് പിന്നീട് ടൗണിനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ തള്ളി സ്റ്റാർട്ടാക്കി രക്ഷപ്പെട്ടു. പ്രതിക്കായി കഞ്ഞിക്കുഴി പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.