ഇത് പാർക്കോ ആക്രിക്കടയോ?

Mail This Article
തൊടുപുഴ∙ നഗരസഭാ പാർക്കിനുള്ളിലേക്ക് കയറിയാൽ ആരും സംശയിച്ചുപോകും, പാസ് എടുത്തു കയറിയത് ആക്രിക്കടയിലേക്കാണോ എന്ന്. കുട്ടികളുടെ പാർക്ക് എന്നാണ് വിശേഷണം എങ്കിലും കുട്ടികൾക്ക് കളിക്കാനുള്ള റൈഡുകളിൽ പലതും നശിച്ച നിലയിലാണ്. കുട്ടികൾ കൂടുതൽ ഉപയോഗിക്കുന്ന സ്ലൈഡർ പോലുള്ള റൈഡുകളിൽ മുകളിൽ നിൽക്കുന്ന കുട്ടികൾ വശങ്ങളിലേക്കു പോകാതിരിക്കാൻ ഘടിപ്പിച്ചിരിക്കുന്ന സംരക്ഷണ വേലി തുരുമ്പെടുത്ത് അടർന്നതിനെ തുടർന്ന് കയറും പ്ലാസ്റ്റിക് ചരടും ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണ്.

എന്നാൽ ഇത് ഉപയോഗിക്കരുതെന്ന് ഒരു സൂചന പോലും ഇവിടെ നൽകിയിട്ടില്ല. അപകടാവസ്ഥയറിയാതെ ഇതിൽ നൂറു കണക്കിനു കുട്ടികൾ കളിക്കുന്നുണ്ട്. 10 അടിയോളം ഉയരമുള്ള ഈ ഭാഗത്തുനിന്ന് വീണാൽ വലിയ അപകടമുണ്ടാകാനാണ് സാധ്യത. ഫൈബർ നിർമിതമായ ചില കളിപ്പാട്ടങ്ങൾ പൊട്ടിത്തകർന്ന നിലയിലാണ്. തൂണുകൾ ഒടിഞ്ഞ് നിലംപതിച്ച ഊഞ്ഞാലും നാളുകളായി അങ്ങനെ തന്നെ കിടക്കുകയാണ്.

പാർക്കിൽ പലയിടത്തായി സജ്ജീകരിച്ചിരിക്കുന്ന ചാരുബഞ്ചുകൾ പലതും പലകകൾ അടർന്നും ഒടിഞ്ഞും ഇരിക്കാൻ കൊള്ളാത്ത നിലയിലാണ്. രസം കെടുത്തുന്ന മറ്റൊരു കാഴ്ചകൂടി അധികൃതർ പാർക്കിന്റെ ഒത്ത നടുക്കായി ഒരുക്കിവച്ചിട്ടുണ്ട്. ഏകദേശം ഒരുവർഷം മുൻപ് പാർക്കിനുള്ളിൽ മറിഞ്ഞു വീണ മരത്തിന്റെ അവശിഷ്ടം കൂട്ടിയിട്ടിരിക്കുന്നത് പാർക്കിലെ നടപ്പാതയോടു ചേർന്നാണ്. ഇഴജന്തുക്കളും മറ്റും ഇതിനിടയിൽ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് പാർക്കിലെ സന്ദർശകർ പറയുന്നു.

പാർക്കിന്റെ സംരക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായാണ് 10 വയസ്സിനു മുകളിലുള്ളവർക്ക് 10 രൂപ നിരക്കിൽ പാസ് ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും യഥാസമയം നടപടികൾ ഉണ്ടാകുന്നില്ല. അവധി ദിവസങ്ങളിൽ കുട്ടികളുമായി ഒട്ടേറെ കുടുംബങ്ങൾ ഇവിടെ എത്തുന്നുണ്ട്.

എല്ലാ വർഷവും പാർക്ക് നവീകരിക്കാൻ മുനിസിപ്പാലിറ്റി ഫണ്ട് അനുവദിക്കുമെങ്കിലും മുനിസിപ്പാലിറ്റിക്ക് തൊട്ട് മുന്നിലെ പാർക്ക് നന്നായി മുന്നോട്ടുകൊണ്ട് പോകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നഗരവാസികളുടെ ആരോപണം.