മുത്തശ്ശിയെ തീകൊളുത്തി കൊന്ന കൊച്ചുമകന് ജീവപര്യന്തം കഠിനതടവ്

Mail This Article
തൊടുപുഴ ∙ മുത്തശ്ശിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകനു ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. തൊടുപുഴ രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ.ഹരികുമാറാണു ശിക്ഷ വിധിച്ചത്. വണ്ണപ്പുറം കുവപ്പുറം ആറുപങ്കിൽ സിറ്റി പുത്തൻപുരയ്ക്കൽ വേലായുധന്റെ ഭാര്യ പാപ്പിയമ്മയെ കൊലപ്പെടുത്തിയ കേസിൽ പാപ്പിയമ്മയുടെ ചെറുമകൻ ശ്രീജേഷിനെയാണു ശിക്ഷിച്ചത്.
2020 മേയ് 14നു രാത്രിയായിരുന്നു സംഭവം. പ്രതിയും അച്ഛൻ ശ്രീധരനും പാപ്പിയമ്മയുമാണു വീട്ടിൽ താമസിച്ചിരുന്നത്. വാക്കേറ്റത്തിനെത്തുടർന്നു പിതാവിനെ ശ്രീജേഷ് കല്ലെടുത്തെറിഞ്ഞ് വീട്ടിൽ നിന്ന് ഓടിച്ചെന്നും ഇതു ചോദ്യം ചെയ്ത പാപ്പിയമ്മ തലയിൽ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തിയെന്നുമാണു കേസ്.
പരുക്കേറ്റ പാപ്പിയമ്മ 28നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.കാളിയാർ എസ്ഐ ആയിരുന്ന വി.സി.വിഷ്ണുകുമാർ റജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ബി.പങ്കജാക്ഷനാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഏബിൾ സി.കുര്യൻ ഹാജരായി.