വോട്ട് ചോദിക്കാൻ മൂന്നാറിലെ ജീപ്പുകൾ തമിഴ്നാട്ടിലേക്ക്

Mail This Article
മൂന്നാർ ∙ തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കായി മൂന്നാറിലെ ട്രിപ്പ് ജീപ്പുകൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക്. തമിഴ്നാട്ടിൽ പൊതുവേ സാധാരണ ജീപ്പുകൾ (4 വീൽ ഉൾപ്പെടെ) കുറവാണ്. ഉൾഗ്രാമങ്ങളിലും മറ്റും തിരഞ്ഞെടുപ്പു പ്രചാരണത്തിനു മറ്റു വാഹനങ്ങൾ ഉപയോഗിക്കുന്നത് ചെലവേറുമെന്നതുകൊണ്ടാണു ജില്ലയിൽ ഏറ്റവുമധികം എണ്ണം സർവീസ് നടത്തുന്ന മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജീപ്പുകൾ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.
വിവിധ കക്ഷികളുടെ ഏജന്റുമാർ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ തന്നെ ഒരു മാസത്തെ പ്രചാരണത്തിനായി ജീപ്പുകൾ ബുക്ക് ചെയ്തിരിക്കുകയാണ്. വിരുതനഗർ, അർപ്പു കോട്ട, കള്ള കുറിച്ചി, ചെന്നൈ, വിളിപ്പുറം എന്നീ പാർലമെന്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങൾക്കാണ് മൂന്നാറിലെ ജീപ്പുകൾ ബുക്കു ചെയ്തിരിക്കുന്നത്. വിവിധ എസ്റ്റേറ്റ് ഡിവിഷനുകളിലേക്ക് ട്രിപ്പ് സർവീസ് നടത്തുന്ന 150 ജീപ്പുകളാണു തമിഴ്നാട്ടിലേക്ക് അടുത്ത ദിവസങ്ങളിൽ ഓട്ടത്തിനായി പോകുന്നത്.
ഇന്ധനം, ഡ്രൈവറുടെ താമസം, ഭക്ഷണം, ദിവസം 2000 മുതൽ 2500 രൂപ വരെ വാടക എന്നിവയാണ് തമിഴ്നാട്ടിൽ ജീപ്പുകൾക്കു പ്രചാരണത്തിനായി നൽകുന്നത്. വോട്ടെടുപ്പ് കഴിയുന്നതോടെ ജീപ്പുകൾ മൂന്നാറിൽ മടങ്ങിയെത്തും. തമിഴ്നാട്ടിൽ നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മൂന്നാറിൽ നിന്നും ജീപ്പുകൾ പതിവായി പ്രചാരണത്തിനായി പോകാറുണ്ട്. ജീപ്പുകൾ കൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് പോകുന്നതോടെ മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിൽ നിന്നുള്ള യാത്രക്കാർ യാത്രാ സൗകര്യമില്ലാതെ ഒരു മാസക്കാലം ദുരിതമനുഭവിക്കണം.