ADVERTISEMENT

∙ ചിന്നക്കനാൽ, ഇടമലക്കുടി, മൂന്നാർ മേഖലകളിൽ മാസങ്ങളായി തുടരുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാൻ കഴിയാതെ വനംവകുപ്പ്. കാടിനുള്ളിൽ ഭക്ഷണം കുറയുന്നതാണ് ജനവാസമേഖലയിലേക്ക് എത്താനുള്ള കാരണമെന്ന് വിദഗ്ധർ പറയുന്നു. യഥാർഥ പ്രശ്നം കണ്ടെത്തി പരിഹരിക്കാൻ കഴിയാത്തത് സർക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.

ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം
രണ്ടാഴ്ചയ്ക്കിടയിൽ വീണ്ടും ഇടമലക്കുടിയിലെ പലചരക്കുകട തകർത്ത് കാട്ടാനക്കൂട്ടം സാധനങ്ങൾ തിന്നു നശിപ്പിച്ചു. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന ഗിരിജൻ സൊസൈറ്റി വക പലചരക്ക് കടയാണ് ചൊവ്വാഴ്ച രാത്രി 7ന് കാട്ടാനകൾ തകർത്തത്. മേഖലയിൽ മൂന്ന് മാസമായി കറങ്ങി നടക്കുന്ന ഏഴ് ആനകളടങ്ങുന്ന സംഘമാണ് കട തകർത്തത്. കടയുടെ പ്രധാന വാതിലും ജനാലയും തകർത്ത് അകത്തു കടന്ന കാട്ടാനകൾ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പലചരക്ക് സാധനങ്ങളും പച്ചക്കറികളുമാണ് തിന്നും പുറത്തേക്ക് വലിച്ചിട്ടും നശിപ്പിച്ചത്.

ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ആനകളെ ബഹളം വച്ച് ഓടിച്ചത്. മടങ്ങിയ വഴിക്ക് സമീപത്തുണ്ടായിരുന്ന വാഴക്കൃഷിയും കാട്ടാനകൾ നശിപ്പിച്ചു. കഴിഞ്ഞ 13ന് രാത്രിയിലും ഇതേ കാട്ടാനക്കൂട്ടം ഈ കട തകർത്ത് ഏഴ് ചാക്ക് റേഷനരി ഉൾപ്പെടെ തിന്നു നശിപ്പിച്ചിരുന്നു. മൂന്നു മാസത്തിനിടയിൽ കാട്ടാനക്കൂട്ടം സൊസൈറ്റിക്കുടിയിലെ പട്ടികവർഗ ഹോസ്റ്റൽ, പഞ്ചായത്ത് ഓഫിസ് കെട്ടിടം എന്നിവ തകർത്തിരുന്നു. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ മാസങ്ങളായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഒരു നടപടികളുമെടുക്കുന്നില്ലെന്ന് ആദിവാസികൾ ആരോപിച്ചു.

ഇടമലക്കുടിയിലെ പലചരക്ക് കട കാട്ടാനകൾ തകർത്ത് സാധനങ്ങൾ നശിപ്പിച്ച നിലയിൽ.
ഇടമലക്കുടിയിലെ പലചരക്ക് കട കാട്ടാനകൾ തകർത്ത് സാധനങ്ങൾ നശിപ്പിച്ച നിലയിൽ.

ദേവികുളത്ത് പടയപ്പ
മദപ്പാടിനെ തുടർന്ന് 10 ദിവസം മുൻപു വരെ അക്രമാസക്തനായിരുന്ന പടയപ്പ ശാന്തനായെങ്കിലും ഇന്നലെയും ജനവാസ മേഖലയിലിറങ്ങി വാഴയും പച്ചക്കറി കൃഷികളും തിന്നു നശിപ്പിച്ചു. ദേവികുളം എസ്റ്റേറ്റിലെ മിഡിൽ ഡിവിഷനിലാണ് രണ്ടു ദിവസമായി പടയപ്പയുടെ വാസം. മിഡിൽ ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമുള്ള കൃഷികളാണ് നശിപ്പിച്ചത്.

പടയപ്പയുടെ നീക്കങ്ങൾ നിരീക്ഷിച്ച് വനം വകുപ്പിന്റെ ആർആർടി ടീം ദേവികുളം മേഖലയിലുണ്ട്. തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽപെട്ട ലാക്കാട് ടോൾ ഗേറ്റിനു സമീപത്തുവച്ച് കെഎസ്ആർടിസി ബസ് തടഞ്ഞ് തുമ്പിക്കൈ കൊണ്ട് ഭക്ഷണം തിരഞ്ഞ് പടയപ്പ പരാക്രമം നടത്തിയിരുന്നു. ഇതിനു ശേഷം ചൊക്കനാട് ഭാഗത്തേക്ക് പോയ ആന തിങ്കളാഴ്ച രാത്രിയിൽ ദേവികുളം മേഖലയിൽ എത്തിയിരുന്നു.സൈലന്റ് വാലി എസ്റ്റേറ്റിലെ 23-ാം നമ്പർ ഫീൽഡ്, കുണ്ടള എസ്റ്റേറ്റ് എന്നിവിടങ്ങളിലും ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങി.

സിങ്കുകണ്ടത്ത് ചക്കക്കൊമ്പൻ
ചിന്നക്കനാൽ സിങ്കുകണ്ടത്ത് ഒറ്റയാൻ വീടാക്രമിച്ചു. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ 4ന് കാട്ടാനയാക്രമണമുണ്ടായത്. സിങ്കുകണ്ടം–ചിന്നക്കനാൽ റോഡിലൂടെയെത്തിയ ആന മനോജിന്റെ വീടിന്റെ മുൻഭാഗത്തെ ഭിത്തിയിൽ കാെമ്പുകാെണ്ട് കുത്തുകയായിരുന്നു. വീടിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും ഹാളിലെ സീലിങ് തകരുകയും ചെയ്തു. മനോജും കുടുംബവും വീടിന്റെ അകത്തെ മുറിയിലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

ചക്കക്കാെമ്പനാണ് വീടാക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.ഒരാഴ്ചയിലധികമായി മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ചക്കക്കാെമ്പനെ കൂടാതെ കാട്ടാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ച് കൃഷി നശിപ്പിക്കുകയാണ്. കാട്ടാനകളെ ജനവാസമേഖലകളിൽ നിന്ന് തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശീയപാതയിലും കാട്ടാന
കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ ആറാംമൈലിനു സമീപം 2 ദിവസമായി പാതയോരത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ 3നു ആറാംമൈൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം കാട്ടാനകളെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ജനവാസ മേഖലയിലും കാട്ടാന എത്തിയിരുന്നു.

കല്ലാർ– മാങ്കുളം റോഡിൽ വിരിപാറ, മുനിപാറ എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം വർധിക്കുന്നത് ഇതുവഴിയുള്ള യാത്രയ്ക്കു ഭീഷണിയാണ്. പകൽ സമയത്ത് വനത്തിലേക്ക് പോകുന്ന കാട്ടാനക്കൂട്ടം വൈകിട്ടോടെ റോഡിന് സമീപത്തേക്ക് എത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com