എഴുകുംവയൽ കുരിശുമല കയറി ഒരു ലക്ഷം വിശ്വാസികൾ

Mail This Article
കട്ടപ്പന ∙ ദുഃഖവെള്ളിയാഴ്ച എഴുകുംവയൽ കുരിശുമല ചവിട്ടിയത് ഒരുലക്ഷത്തോളം വിശ്വാസികൾ. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകിയ പീഡാനുഭവ യാത്രയിൽ സംബന്ധിക്കാനും കുരിശുമലയിലെ തിരുസ്വരൂപങ്ങൾ ദർശിക്കാനും വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിശ്വാസികൾ എത്തിയത്. തലേന്ന് അർധരാത്രി മുതൽ എഴുകുംവയൽ കുരിശുമലയിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. പീഡാനുഭവ യാത്രയ്ക്കുശേഷം തീർഥാടക പള്ളിയിൽ നടന്ന തിരുക്കർമങ്ങൾക്ക് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.
ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥികളായ ഡീൻ കുര്യാക്കോസ്, ജോയിസ് ജോർജ് എന്നിവരും പീഡാനുഭവ യാത്രയിൽ അണിചേർന്നു. കുരിശുമലയിൽ എത്തിയ മുഴുവൻ തീർഥാടകർക്കും നേർച്ചയും ശുദ്ധജലവും വാഹനസൗകര്യങ്ങളും ഒരുക്കിയിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സേവനവും പൊലീസ്, അഗ്നിരക്ഷാ സേന എന്നിവയ്‌ക്കൊപ്പം ഇരട്ടയാർ സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സേവനവും ഒരുക്കിയിരുന്നു. തീർഥാടക പള്ളിയിൽ ഫാ.ജയിംസ് മാക്കിയിൽ സന്ദേശം നൽകി.