ADVERTISEMENT

ഇടുക്കി ∙ചുട്ടുപൊള്ളുന്ന വേനലിൽ അപ്രഖ്യാപിത വൈദ്യുതി മുടക്കം കൂടിയായതോടെ ജനങ്ങളുടെ ദുരിതം ഇരട്ടിയായി. ഫാനില്ലാതെ അൽപനേരം പോലും അകത്തിരിക്കാൻ കഴിയാത്ത വിധം കൊടുംചൂട് അനുഭവപ്പെടുമ്പോഴാണ് കെഎസ്ഇബിയുടെ വക ഈ ഇരുട്ടടിയും. ഗാർഹിക ഉപഭോക്താക്കളും വ്യാപാരികളും ഓഫിസ് ജീവനക്കാരുമെല്ലാം ഇതുമൂലം ദുരിതത്തിലാണ്.

രാത്രി വൈദ്യുതി മുടങ്ങുന്നതോടെ ഉറക്കവും നഷ്ടപ്പെടുന്ന സ്ഥിതി. അറ്റകുറ്റപ്പണികളുടെ പേരിൽ മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കത്തിനു പുറമേയാണ് അപ്രഖ്യാപിത വൈദ്യുതിമുടക്കം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത്.  കാരണം തിരക്കി കെഎസ്ഇബി ഓഫിസിൽ വിളിച്ചാൽ വ്യക്തമായ മറുപടി കിട്ടാറില്ലെന്നും പരാതിയുണ്ട്.

തൊടുപുഴയിൽ വന്നും പോയും വൈദ്യുതി
നമ്പർ 1 ഇലക്ട്രിക്കൽ സെക്‌ഷന്റെ‌ പരിധിയിൽ വരുന്ന നഗരപ്രദേശത്ത് ഇന്നലെ പലതവണയാണു വൈദ്യുതി തടസ്സം നേരിട്ടത്. നമ്പർ 2 ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വരുന്ന കാഞ്ഞിരമറ്റം, തെക്കുംഭാഗം തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി മണിക്കൂറുകൾ വൈദ്യുതി നിലച്ചു.

കുമ്മംകല്ല് മേഖലയിലെ നിരന്തരമായ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ഭാരവാഹികൾ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്കും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കും കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു. മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുമ്പോൾ ബേക്കറികളിലും ഹോട്ടലുകളിലും പാൽ, ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ കേടായി വലിയ നഷ്ടം നേരിടുന്ന സ്ഥിതിയുമുണ്ട്. രാത്രിയിലാണു വൈദ്യുതി നിലയ്ക്കുന്നതെങ്കിൽ പലപ്പോഴും പിറ്റേദിവസമാകും പുനഃസ്ഥാപിക്കുക.

ദേവികുളത്തും  വട്ടവടയിലും മുടക്കം പതിവ്
വൈദ്യുതി തടസ്സം ഏറ്റവുമധികം നേരിടുന്ന മേഖലകളാണു താലൂക്ക് ആസ്ഥാനമായ ദേവികുളം, പിന്നാക്ക പ്രദേശമായ വട്ടവട, വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ എന്നിവ. വിവിധ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾ സഞ്ചരിച്ചു ദേവികുളത്ത് എത്തുന്ന സാധാരണക്കാർ പെട്ടെന്നുണ്ടാകുന്ന വൈദ്യുതി തടസ്സം കാരണം ഓഫിസുകളിൽ നിന്നു ഓൺലൈനായി ലഭിക്കേണ്ട രേഖകളും മറ്റും ലഭിക്കാതെ മടങ്ങുന്നതു നിത്യസംഭവമാണ്.

ചെറിയ മരക്കമ്പ് വീണാൽ പോലും വൈദ്യുതി ഇല്ലാതാകുന്ന പ്രദേശമാണു പിന്നാക്ക പഞ്ചായത്തായ വട്ടവട. വൈദ്യുതി പോയതു സംബന്ധിച്ചു നാട്ടുകാർ പരാതി പറഞ്ഞാൽ മറയൂർ മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി വേണം തടസ്സം നീക്കേണ്ടത്. മണിക്കൂറുകൾ കഴിഞ്ഞും ചിലപ്പോൾ ഒരു ദിവസം കഴിഞ്ഞുമാണ് പലപ്പോഴും വട്ടവടയിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത്. തോക്കുപാറ, ആനച്ചാൽ മേഖലകളിൽ വൈദ്യുതി പോയ ശേഷം പുനഃസ്ഥാപിക്കുമ്പോൾ അമിത വോൾട്ടേജുണ്ടായി വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് സാധനങ്ങളും നശിക്കുന്നത് പതിവാണ്.

കട്ടപ്പനയിൽ അടിക്കടി മുടക്കം
കട്ടപ്പനയിലും സമീപ പഞ്ചായത്തുകളിലുമെല്ലാം വൈദ്യുതി മുടക്കം പതിവാണ്. ഞായറാഴ്ച 66 കെവി ലൈനിൽ തകരാർ സംഭവിച്ചതിനാൽ നഗരത്തിൽ ഉൾപ്പെടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഉച്ചയോടെ മുടങ്ങിയ വൈദ്യുതി രാത്രി പത്തോടെയാണു പുനഃസ്ഥാപിക്കാനായത്. കാര്യമന്വേഷിച്ച് ഉപയോക്താക്കൾ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഭൂരിപക്ഷം നമ്പരുകളും പ്രവർത്തനരഹിതമായിരുന്നു.

വൈദ്യുതി മുടങ്ങുന്ന സമയങ്ങളിൽ സെക്‌ഷൻ ഓഫിസുകളിലെ നമ്പരുകളിൽ വിളിച്ചാൽ കിട്ടാത്ത രീതിയിലാക്കുകയാണെന്നും ആരോപണമുണ്ട്. വിവിധ മേഖലകളിൽ പലസമയങ്ങളിലായി മുക്കാൽ മണിക്കൂർ വരെ വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതിയുണ്ട്. പലയിടങ്ങളിലും വോൾട്ടേജ് ക്ഷാമവും പ്രതിസന്ധി സൃഷ്ടിക്കുന്നു.

വോൾട്ടേജ് ഇല്ലാത്തതിനാൽ കുഴൽ കിണറുകളിൽ നിന്നും മറ്റും ശുദ്ധജലം പമ്പ് ചെയ്‌തെടുക്കാൻ കഴിയാത്തതു ജനജീവിതം ദുസ്സഹമാക്കുന്നു. വൻകിട തോട്ടങ്ങളിൽ ഉൾപ്പെടെ കൃഷിയിടങ്ങളിലേക്കു വെള്ളം പമ്പ് ചെയ്യാൻ തുടർച്ചയായി മോട്ടറുകൾ പ്രവർത്തിപ്പിക്കുന്നതാണ് വോൾട്ടേജ് ക്ഷാമത്തിനു കാരണമെന്നും ആക്ഷേപമുണ്ട്. അടിക്കടി വൈദ്യുതി മുടങ്ങുന്നത് മെഷീനുകൾ ഉൾപ്പെടെ ഉപയോഗിച്ചു പണിയെടുക്കുന്നവർക്കും സ്ഥാപനങ്ങൾക്കും തിരിച്ചടിയാകുന്നു.

ചിന്നക്കനാലിനെ ഇരുട്ടിലാക്കരുത്
∙ ചിന്നക്കനാലിനെ ഇരുട്ടിലാക്കരുത് വിനോദസഞ്ചാര കേന്ദ്രമായ ചിന്നക്കനാൽ മേഖലയിൽ അപ്രഖ്യാപിത ലോഡ്ഷെഡിങ് പതിവാണെന്നു നാട്ടുകാരുടെ പരാതി. വൈദ്യുതി മുടങ്ങിയാൽ മണിക്കൂറുകളോളം ഇരുട്ടിലാകുന്ന അവസ്ഥയാണ്.  ഒട്ടേറെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ചിന്നക്കനാലിൽ ആദിവാസി കുടികളും ഏറെയുണ്ട്. വൈദ്യുതി വെളിച്ചമില്ലാത്ത സമയത്തു കാട്ടാനശല്യം രൂക്ഷമാണെന്നു ആദിവാസി കുടികളിലുള്ളവർ പറയുന്നു.

അതിർത്തി മേഖലകളിൽ വോൾട്ടേജ് ക്ഷാമം
ജില്ലയുടെ അതിർത്തി മേഖലകളായ കമ്പംമെട്ട്, മന്തിപ്പാറ, എടാട്ട്പടി, കുഴിത്തൊള്ളു, കുരുവിക്കാനം മേഖലകളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം. ഗൃഹോപകരണങ്ങൾ പ്രവർത്തിക്കാൻ ആവശ്യമായ വോൾട്ടേജ് പോലും പലസ്ഥലങ്ങളിലും ഇല്ല. കുടിവെള്ളം ശേഖരിക്കാൻ പോലും മോട്ടർ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ടിവി, മിക്സി, വാഷിങ് മെഷീൻ മുതലായ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. കാർഷിക മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. 

പമ്പ്സെറ്റുകൾ പ്രവർത്തിപ്പിക്കാൻ മതിയായ വോൾട്ടേജ് ഇല്ലാത്തതിനാൽ കടുത്ത വേനലിൽ കരിഞ്ഞുണങ്ങി തുടങ്ങിയ ഏലം കൃഷിക്ക് ജലസേചനം നടത്താനും കഴിയുന്നില്ല. ഒട്ടേറെ കർഷകരുടെ പമ്പ്സെറ്റുകളാണ് ഇതിനോടകം നശിച്ചത്. പല സ്ഥലങ്ങളിലും കിലോമീറ്ററുകൾ അകലെയാണ് ട്രാൻസ്ഫോമറുകൾ ഉള്ളത്. പ്രദേശവാസികൾ നിരന്തരം പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com