വീട് നിർമിക്കാൻ അനുമതിയില്ല; ഫോറസ്റ്റ് ഓഫിസിനു മുന്നിൽ സമരം തുടങ്ങി ദമ്പതികൾ

Mail This Article
ഉപ്പുതറ∙ ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമിക്കാൻ വനം വകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് ദമ്പതികൾ കണ്ണംപടി കിഴുകാനം ഫോറസ്റ്റ് ഓഫിസിനു മുൻപിൽ സമരം ആരംഭിച്ചു. കിഴുകാനം വലിയമൂഴിക്കൽ രാജപ്പൻ, ഭാര്യ ലൈലാമ്മ എന്നിവരാണ് സമരം നടത്തുന്നത്. ഇടുക്കി റേഞ്ച് ഓഫിസർ നൽകിയ ഉറപ്പും പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. ലൈഫ് പദ്ധതി പ്രകാരം രാജപ്പന് വീട് അനുവദിച്ചിരുന്നു. ഇവർക്ക് മൂന്നിടങ്ങളിൽ സ്ഥലം ഉണ്ടെങ്കിലും രണ്ടിടത്ത് വീട് വയ്ക്കാൻ അനുയോജ്യമല്ലായിരുന്നു. വീട് നിർമിക്കാൻ കഴിയുന്ന സ്ഥലത്ത് പണികൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിൽ അപേക്ഷ നൽകിയശേഷം മണ്ണുമാന്തിയന്ത്രവുമായി എത്തിയപ്പോൾ അധികൃതർ തടഞ്ഞു.
ഇതേത്തുടർന്ന് ലൈലാമ്മ വെള്ളിയാഴ്ച ഒറ്റയാൾ സമരം നടത്തിയപ്പോൾ അനുമതി നൽകാമെന്ന ഉറപ്പു ലഭിച്ചതോടെ പിൻവാങ്ങി. വീടു പണിയാൻ അനുയോജ്യമല്ലാത്ത ഭൂമിക്ക് മാത്രമാണ് ഇവർക്ക് വനാവകാശ രേഖയുള്ളത്. വീട് നിർമിക്കാൻ അനുയോജ്യമായ സ്ഥലത്തിന്റെ സ്‌കെച്ച് മാത്രമാണുള്ളത്. അതിനാൽ അനുമതി നൽകാനാവില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. 25ന് നടക്കുന്ന റവന്യു അധികൃതരുടെയും ഊര് മൂപ്പൻമാരുടെയും യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് വനംവകുപ്പിന്റെ നിലപാടെങ്കിലും സമരം നിന്ന് പിൻമാറാൻ ദമ്പതികൾ തയാറായിട്ടില്ല.